തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം നാളെ പുലർച്ചയോടെ ചുഴലിക്കാറ്റാകാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പു മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബുധനാഴ്‌ച മുതൽ കേരളത്തിൽ മഴശക്തപ്പെടും. ഇതിനൊപ്പം വെള്ളപ്പൊക്കം,കടൽകയറ്റം,മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാദ്ധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള നടപടികൾ സ്വീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

തീവ്രമഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് അണക്കെട്ടുകളിലെ ജലനിരപ്പ് സൂക്ഷ‌്മമായി നിരീക്ഷിച്ചു വരികെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കനത്ത മഴ തുടർന്നാൽ ചെറിയ അണക്കെട്ടുകൾ തുറന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള തീരത്ത് മത്സ്യബന്ധനത്തിന് പൂർണ നിയന്ത്രണം
ഏർപ്പെടുത്തി.കടലിൽ പോയവർക്ക് തിരിച്ചെത്താൻ അടിയന്തര നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.

ബുധനാഴ്ച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടും, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്ക് സാദ്ധ്യത പ്രവചിച്ച വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലേർട്ടും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടും നൽകി. തെക്കൻ ജില്ലകളിൽ വെള്ളിയാഴ്ച്ചയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here