രാജേഷ് തില്ലങ്കേരി

സ്‌പോർട്‌സ് വസ്ത്രങ്ങളുടെ ഉൽപ്പാദനത്തിലും കയറ്റുമതിയിലും വിജയഗാഥ രചിക്കുകയാണ് അങ്കമാലിയിലെ ടീംസ് സ്‌പോർട്‌സ് വെയർ എക്‌സ്‌പോർട്ടേഴ്‌സ്.
ഒരു പരീക്ഷണമെന്ന രീതിയിലാണ് ടീംസ് സ്‌പോർട്‌സ് എക്‌സ്‌പോർട്ട്‌സിന്റെ പിറവി.
ബിസിനസിലെ വിജയത്തിന് അനിവാര്യമായത് വിവിധ ഘടകങ്ങളാണ്.  കൂട്ടായ്മ, കഠിനാദ്ധ്വാനം, പുത്തൻ ആശയങ്ങളിലൂടെയുള്ള മുന്നേറ്റം, ഒപ്പം കൃത്യതയും സത്യസന്ധതയും.  

ഇതെല്ലാം ഒരുമിച്ചതാണ് ടീംസ് സ്‌പോർട്‌സിന്റെ  വിജയരഹസ്യം.
മൂന്ന് പേരാണ് 
ടീംസ് സ്‌പോർട്‌സ് വെയർ എക്‌സ്‌പോർട്ടേഴ്‌സ്. മൂന്ന് ദേശത്ത് മൂന്നുതരം സ്പനങ്ങളുമായി കഴിഞ്ഞിരുന്നവർ ഒരുമിച്ചപ്പോഴുണ്ടായ ആശയമാണ് സ്ഥാപനം.
 വിവിധങ്ങളായ ആശയങ്ങളും സ്വപ്‌നങ്ങളുമായി ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിച്ച മൂന്നുപേർ-ജോസ് പോൾ, ജയൻ വർഗീസ് ആലുക്ക, റജി മോളയിൽ എന്നിവർ പടുത്തയർത്തിയ സ്ഥാപനമാണ് ടീംസ് സ്‌പോർട്‌സ്.


കായിക ലോകത്തിന്റെ വളർച്ചയ്ക്കപൊപ്പം വളർന്ന വ്യവസായം. കായിക രംഗം ഇന്ന് ഏറെ വളർന്നു വികസിച്ച മേഖലയാണ്. കോടിക്കണക്കിന് രൂപയുടെ സ്‌പോർട്‌സ് ഉപകരണങ്ങളാണ് നമ്മുടെ രാജ്യത്ത് വിൽപ്പന നടത്തുന്നത്. എന്നാൽ പലപ്പോഴും സ്‌പോർട്‌സിനങ്ങളിൽ ജഴ്‌സിക്കുള്ള ബിസിനസ് സാധ്യതകളെക്കുറിച്ച് അധികമാരും ചിന്തിച്ചിട്ടുണ്ടാവില്ല. എന്നാൽ വളരെ വലിയൊരു ബിസിനസ് മേഖലയാണ് സ്‌പോർട്‌സ് വസ്ത്രങ്ങളുടേതെന്ന തിരിച്ചറിവാണ് ടീംസ്‌പോർട്‌സ് പാർട്ണർമാരെ പുതുയൊരു ലോകത്തേക്ക് കൈപിടിച്ചുകൊണ്ടുപോയത്.


കേരളത്തിൽ നിരവധി സ്‌പോർട്‌സ് സ്‌റ്റോറുകളുണ്ട്. ഫുട്‌ബോൾ, വോളീബോൾ, ക്രിക്കറ്റ്, അതലറ്റിക്‌സ് എന്നിവയൊക്കെ ഏറെ വളർന്നപ്പോഴും ജഴ്‌സിയുടെ ഉല്പാദനം മറ്റു സംസ്ഥാനക്കാരുടെ കുത്തകയായിരുന്നു. നമ്മൾ അവയുടെ ഉപഭോക്താക്കൾ മാത്രമായിരുന്നു. ഈ ലോകത്തേക്കാണ് ജോസ് പോളും, റജിയും ജയൻ വർഗീസും ഒക്കെ കടന്നുവന്നത്.


കറുകുറ്റി സ്വദേശിയാണ് ജോസ് പോൾ. ക്രൈസ്റ്റ് കോളജിൽ പഠിക്കുമ്പോൾ ജോസ് പോൾ ആഗ്രഹിച്ചത് മധുര ക്വാട്‌സ് പോലുള്ള ഒരു ടെക്‌സ്‌റ്റൈൽ കമ്പനിയിലെ വൈറ്റ് കോളർ ജോലിയായിരുന്നു. കോളജിൽ സ്‌പോർട്‌സ് താരമൊക്കെയായിരുന്നു വെങ്കിലും വളരെ പെട്ടെന്നു തന്നെ ടെക്‌സ്റ്റൈൽ എൻജിനിയറിംഗിനോട്  പ്രണയം തോന്നി നേരെ കണ്ണൂരിലേക്ക് വണ്ടികയറി. ഇന്റസ്ട്രിയൽ ഡിപാർട്ട്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഏക ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടായിരുന്നു അത്.

കണ്ണൂർ തോട്ടടയിലെ ഗവ.പോളിടെക്‌നിക്കിൽ നിന്നും ഡിപ്ലോമ പൂർത്തിയാക്കി സർട്ടിഫിക്കറ്റുമായി അങ്കമാലിയിലേക്ക് തിരിച്ചെത്തിയപ്പോഴും ജോസ് പോളിന് നല്ലൊരു ജോലി നേടുകയെന്ന ലക്ഷ്യംമാത്രം. ഏറെ വൈകാതെ കിഴക്കമ്പലം കിറ്റക്‌സിൽ ജോലിയും ലഭിച്ചു. തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് അവിടെ നിന്നാണെന്ന് ജോസ് പോൾ പറയും. കാരണം കിറ്റക്‌സ് വലിയൊരു സർവ്വകലാശാലയായിരുന്നു.  അവിടെ നിന്നും ലഭിച്ച അറിവാണ് സ്വന്തം സ്ഥാപനമെന്ന ആശയത്തിലേക്ക് ജോസ് പോളിനെ എത്തിച്ചത്. 
 
ഇതേ സമയത്താണ് കിറ്റക്‌സിൽ തന്നെ മാർക്കറ്റിംഗിൽ ജോലി ചെയ്യുകയായിരുന്ന മൂക്കന്നൂർ സ്വദേശിയായ റെജിയുമായി തന്റെ സ്വപ്‌നങ്ങൾ പങ്കുവെക്കുന്നത്. അപ്പോൾ റെജിയും സ്വന്തം സ്ഥാപനമെന്ന ആശയുവുമായി ഇരിക്കുകയായിരുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല, കിറ്റക്‌സിനോട് വിടപറയാൻ തീരുമാനിച്ചു. കിറ്റെക്‌സിന്റെ എം ഡി സാബു എം ജേക്കബ്ബിനെ കണ്ടു, സ്വന്തമായൊരു സ്ഥാപനവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതായി അറിയിച്ചു. എന്ത് സഹായം ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്ന് പറഞ്ഞ് കിറ്റക്‌സ് എം ഡി രണ്ടുപേരെയും യാത്രയാക്കുകയായിരുന്നു.

ജോലി ഉപേക്ഷിച്ച് ഇറങ്ങുമ്പോഴും രണ്ടുപേരും ടെക്‌സ്‌റ്റൈൽ ബിസിനസിൽ എന്ത് ചെയ്യണമെന്നൊന്നും ആലോചിച്ചിരുന്നില്ല. അക്കാലത്ത് എം സി ആർ ഒരു ചെറിയ ബ്രാന്റായി ആരംഭിച്ച കാലമാണ്. മോഹൻ ലാലിന്റെ ഫോട്ടോ ഉപയോഗിച്ച് അവർ പരസ്യം ചെയ്തു. നരസിംഹം മുണ്ട് വച്ച് അവർ ബിസിനസ് ഡവലപ് ചെയ്തു. എം സി ആർ വലിയ സ്ഥാപനമായി മാറി.

ഞങ്ങൾ ലുങ്കി, ബെഡ് ഷീറ്റ് എന്നിവ ബ്രാന്റ് ചെയ്യുന്നതിനെകുറിച്ച് ആലോചിച്ചു. നല്ല ഗുണനിലവാരം പുലർത്തുന്ന പ്രൊഡക്റ്റുകളാണ് മാർക്കറ്റിൽ എത്തിച്ചത്. മാർക്കറ്റിൽ നിന്നും പണം തിരിച്ചുവരാനുള്ള കാലതാമസം ബിസിനസിൽ തിരിച്ചടിയായി.  അക്കാലത്ത്  തൃശ്ശൂരിൽ കുന്നത്ത് ഗാർമെന്റ്‌സ് എന്ന സ്ഥാപനം സ്‌പോർട്‌സ് ഡ്രസുകൾ വിൽപ്പനനടത്തിയിരുന്നു. ഇന്നത്തെപോലെയുള്ള ജഴ്‌സിയൊന്നും അന്നില്ല. കോട്ടൻ തുണിയിൽ നിർമ്മിച്ചിരുന്ന സ്‌പോർട്‌സ് വസ്ത്രങ്ങളായിരുന്നു അത്.
 
ടെലിവിഷൻ വ്യാപകമായിക്കൊണ്ടിരുന്ന കാലം. വിദേശത്തുനടക്കുന്ന കളികൾ ടെലിവിഷനിൽ കാണാൻ തുടങ്ങിയതോടെ സ്‌പോർട്‌സ് ജഴ്‌സിയിൽ ഒരു കൈ നോക്കാമെന്നായി.  
 സ്‌പോർട്‌സ് ജഴ്‌സിയിൽ തുടങ്ങാനുള്ള തീരുമാനത്തിൽ പാർട്ണർമാർ ഏകാഭിപ്രായമായിരുന്നു. മാർക്കറ്റിൽ പണം കിട്ടാനുള്ള ബുദ്ധിമുട്ട് ഇല്ലെന്നതാണ് സ്‌പോർട്‌സ് വസ്ത്രബിസിനസിലുണ്ടായ മാറ്റം.
 

സ്‌പോർട്‌സ് വസ്ത്രവിപണിയിലേക്ക് ഇറങ്ങിയപ്പോഴാണ്  പ്രധാനപ്പെട്ട കളിയിലൊക്കെ ക്ലോത്ത് വേറെയാണ് എന്ന് തിരിച്ചറിയുന്നത്. പ്രത്യേകതരം ബനിയൻ മെറ്റീരിയൽ വേണം. അത് എവിടെ കിട്ടിയെന്നായി അന്വേഷണം. ആ അന്വേഷണം ചെന്നെത്തിയത് ലുദിയാനയിൽ. റീബോക്ക് പോലുള്ള വമ്പൻ  ബ്രാന്റുകൾ ക്ലോത്ത് എടുത്തിരുന്നത് അവിടെനിന്നായിരുന്നു. അവരെപ്പോലുള്ള വമ്പൻബ്രാന്റുകളുമായാണ് മത്സരിക്കേണ്ടത്.  ജഴ്‌സിയുടെ  സ്റ്റിച്ചിംഗ് ആയിരുന്നു അടുത്ത  പ്രശ്‌നം, വിഷയം പരിഹരിക്കാൻ എന്തു ചെയ്യുമെന്നായി അടുത്ത  ആലോചന.
 

സാങ്കേതിക വിദ്യ മികച്ചതാവണം, പണം വേണം, അങ്ങിനെയാണ്  ഞങ്ങൾ ഒരു ബാങ്കിനെ സമീപിക്കുന്നത്. യൂകോ ബാങ്കായിരുന്നു വായ്പ അനുവദിച്ചത്. അവർ വായ്പ മാത്രമല്ല തന്നത്, ഈ ഫീൽഡിൽ ഏറെക്കാലത്തെ പരിചയസമ്പത്തുള്ള ജയൻ വർഗീസ് എന്ന സംരഭകനെ നമുക്ക് ബന്ധപ്പെടുത്തി. അങ്ങിനെയാണ് സ്ഥാപനത്തിലേക്ക് ഒരാൾ കൂടി എത്തുന്നത്.   അങ്ങിനെ ഞങ്ങൾ രണ്ടുപേർ എന്നത്  മൂന്നുപേരായി, ഒരു ടീമായി.  സ്ഥാപനം പുതിയ രീതിയിലേക്ക് മാറി. ലക്ഷ്യവും പ്രവർത്തിയും എല്ലാം ഒരേമനസോടെയായി,  ഇതാണ് ആദ്യത്തെ വിജയം.  ഓരോ പാർട്ണർമാരും ഓരോ ചുമതലകൾ ഏറ്റെടുത്തു.
 

മാർക്കറ്റിംഗും, പർച്ചെയിസും ജോസ് പോളും, പ്രൊഡക്ഷനും, എച്ച് ആറും റെജിയും ജയൻ വർഗീസും ഏറ്റെടുത്തു.  സ്ഥാപനം നല്ല രീതിയിലേക്ക് വളർത്തുകയെന്നതുമാത്രമായിരുന്നു മൂന്നുപേരുടെയും ലക്ഷ്യം. അത് ഫലം കണ്ടു, ഇപ്പോൾ അങ്കമാലിയിലെ കെ എസ് ഡി സി  അപാരൽ പാർക്കിൽ മികച്ച നിലയിൽ പ്രവർത്തിക്കുകയാണ് കമ്പനി. വലിയൊരു തയ്യൽ യൂണിറ്റും, പ്രിന്റിംഗ് യൂണിറ്റും ഇതോടൊപ്പം പ്രവർത്തിക്കുന്നുണ്ട്.

ആദ്യഘട്ടത്തിൽ മറ്റുള്ള കമ്പനികളുടെ പ്രൊഡക്റ്റുകളാണ് ചെയ്തിരുന്നത്. അപ്പാരൽ പാർക്കിലേക്ക് സ്ഥാപനത്തിന്റെ പ്രവർത്തനം മാറിയതോടെ എക്‌സ്‌പോർട്ടിംഗിലേക്കും കൈവച്ചു.
 


കയറ്റുമതിയിലേക്ക് നീങ്ങിയതോടെ ആവശ്യാനുസരണം പ്രൊഡക്ഷൻ ലഭിക്കാതെ വന്നതോടെ തമിഴ്‌നാട് തിരുപ്പൂരിലേക്ക് സ്ഥാപനത്തിന് ഒരു ഫാക്ടറികൂടി ആരംഭിക്കേണ്ടിവന്നു. ഓർഡറിനനുസരിച്ച് പ്രൊഡക്റ്റുകൾ നൽകാൻ കഴിയണം, അതിനായി കമ്പനിയെ ഒരുക്കുകയായിരുന്നു. ഓസേട്രിലിയ, ന്യൂസിലാന്റ്, മിഡിൽ ഈസ്റ്റ് തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് അങ്കമാലിയിൽ നിന്നും സ്‌പോർട്‌സ് ജഴ്‌സികളും, മറ്റും കയറിപ്പോവുന്നു.

കോർപ്പറേറ്റ് കമ്പനികളുടെ ബ്രാന്റിംഗ് ടീ ഷർട്ടുകളാണ് മറ്റൊരു പ്രൊഡക്റ്റ്. ടി സി എസ്, എൽ ഐ സി പോലുള്ള സ്ഥാപനങ്ങളുടെ ബ്രാന്റന്റ് ടീ ഷർട്ടു കളുടെ കരാറുകൾ ലഭിച്ചതോടെ കമ്പനി മറ്റൊരു മേഖലയിലേക്കും വളർന്നു. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ജഴ്‌സിടക്കം നിരവധി വമ്പൻ ടീമുകളുടെ ജേഴ്‌സി നിർമ്മിച്ചു നൽകുന്നതും അങ്കമാലിയിലെ സ്‌പോർട്‌സ് എക്‌സപേർട്‌സാണ്.
ലോകകപ്പിൽ ഇഷ്ട ടീമുകളുടെ ജഴ്‌സിക്ക് വലിയ ഡിമാന്റാണ്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നാണ് ഓർഡർ ലഭിക്കുന്നത്. പതിനായിരക്കണക്കിന് ജഴ്‌സികൾ ദിവസവും കടൽ കടന്നു. അന്താരാഷ്ട്ര നിലവാരം പുലർത്താൻ കഴിയുന്നു എന്നതാണ് തങ്ങളുടെ ജഴ്‌സിക്ക് ലോകവിപണിയിൽ വിജയം നേടാൻ കഴിഞ്ഞതെന്ന് സ്ഥാപനത്തിന്റെ പാർട്ണർമാരിൽ ഒരാളായ ജോസ് പോൾ പറയുന്നു.
 

തുണിയുടെ  ഗുണനിലവാരത്തിലും, പ്രിന്റിംഗിലും പുലർത്തുന്ന ശ്രദ്ധയാണ് സ്ഥാപനത്തിന്റെ ഗുഡ് വിൽ.
2003 ൽ അണ്ടർഗാർമെന്റ്‌സിന്റെ ഒരു ഉപ കമ്പനികൂടി ആരംഭിച്ചു. സ്‌ട്രെച്ചബിൾ ഉൽപ്പന്നങ്ങളായിരുന്നു പ്രധാനമായും ഉൽപ്പാദിപ്പിച്ചിരുന്നത്.

സ്‌കൂളുകളിലും കോളജുകളിലും സ്‌പോർട്‌സിന് പ്രത്യേക പരിഗണനകൾ നൽകി തുടങ്ങിയതോടെ ജഴ്‌സി ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ വളർച്ചയാണുണ്ടാക്കിയത്.
നെയ്മറുടെയും, റൊണാൾഡോയുടെയും, മെസിയുടെയും ആരാധകർ അവരുടെ പേരും നമ്പരുമുള്ള ജഴ്‌സി അന്വേഷിച്ച് വിദേശത്തുനിന്നുപോലും ആളുകൾ അങ്കമാലിയിലേക്കെത്തി. സച്ചിനും നമ്മുടെ സ്ഥാപനത്തെ വളർത്തിയെന്ന് ജോസ് പോൾ പറയുന്നു.
 

ലൈക്കാ ഡുപോണ്ട് സ്ട്രച്ചബിൾ കോട്ടൻ ക്ലോത്തിൽ നിർമ്മിക്കുന്ന ജഴ്‌സിക്ക് നല്ല ഡിമാന്റാണ് വിദേശത്തും സ്വദേശത്തും.
നൈക്കി യുടെ എക്‌സ്‌ക്‌ളുസീവായി ഉപയോഗിക്കുന്ന അതേ ക്ലോത്ത് ലഭ്യമായതോടെ വലിയൊരു കുതിച്ചുചാട്ടമാണ് ജഴ്‌സി ബിസിനസിൽ ഉണ്ടായത്. അൾട്രാബയോളജിക്കലി സ്റ്റർലൈസ് ചെയ്ത ക്ലോത്താണ് ഉപയോഗിക്കുന്നത്.

പെറ്റ് ബോട്ടിൽ ക്രഷ് ചെയ്ത് ഫെബറാക്കി മാറ്റുന്ന സാങ്കേതിക വിദ്യയിലൂടെ ഉല്പാദിപ്പിക്കുന്ന ജഴ്‌സിക്കും നല്ല ഡിമാന്റാണ്.
കോവിഡ് കാലത്ത് ബിസിനസിൽ തിരിച്ചടികളുണ്ടായെങ്കിലും മാസ്‌ക് നിർമ്മാണത്തിലൂടെ തിരിച്ചടിയെ നേരിട്ട അനുഭവവും പങ്കുവെക്കുകയാണ് പാർട്ണർമാർ. ബ്രാന്റ് ചെയ്ത മാസ്‌കുകൾ മാസങ്ങൾക്ക്  മുൻപുതന്നെ ലോകവിപണിയിലെത്തിച്ചാണ് ഒന്നാമനായത്. വിവിധ കമ്പനികളുടെ ഓർഡറുകളും ലഭിച്ചതോടെ മാസ്‌ക് ബിസിനസും കമ്പനിക്ക് മുതൽകൂട്ടായി.

സ്‌കിൻ ഫ്രണ്ട്‌ലിയാണ് കമ്പനിയുടെ എല്ലാ ടീ ഷർട്ടുകളും, ജഴ്‌സികളും. അലക്കാൻ എളുപ്പമുള്ള ക്ലോത്താണ് ഉപയോഗിക്കുന്നത്. സ്‌പോർട്‌സ് ജഴ്‌സികൾക്ക് ഉപയോഗിക്കുന്നത് വളരെ പെട്ടെന്ന് ഉണക്കിയെടുക്കാൻ പറ്റുന്ന തുണിത്തരമാണ്. വൈക്കിംഗ് ടെക്‌നോളജി ഫാബ്രിക്‌സും, ഇക്കോഫ്രണ്ട്‌ലി ഫാബ്രിക്‌സുമാണ് ഉപയോഗിക്കുന്നത്. അതിനാൽ ഏത് രാജ്യക്കാർക്കും അവരുടെ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ജഴ്‌സികളും ടീ ഷർട്ടുകളും നിർമ്മിച്ചു നൽകാൻ കഴിയും.
 
ന്യൂബോൺ ബേബികളുടെ വസ്ത്രങ്ങളാണ് മറ്റൊരു ആകർഷകമായ  ഉൽപ്പന്നം.

പപ്പി ഡ്രസ് ഏറെ ഹിറ്റായ ഉൽപ്പന്നമാണ്. അരുമകളെ വിവിധങ്ങളായ വസ്ത്രങ്ങൾ ധരിപ്പിച്ച് പരിപാലിക്കുന്നവർക്കിടയിൽ പപ്പി ഡ്രസിന് പ്രീയം കൂടിവരികയാണ്.

പരമ്പരാഗത വസ്ത്ര നിർമ്മാണ മേഖലയിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ലോകമാണ് ടീം സ്‌പോർട്‌സ് ഉണ്ടാക്കിയിരിക്കുന്നത്. 23 വർഷം പിന്നിടുകയാണ് ടീം സ്‌പോർട്‌സ്. കയറ്റുമതി ലോകത്ത് പുതിയ വിജയഗാഥകൾ രചിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്ഥാപനം. കോവിഡാനന്തരം അത് ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള അണിയറപ്രവർത്തനങ്ങളിലാണ് പാർട്ണർമാരായ ജോസ് പോൾ, റെജി, ജയൻ വർഗീസ് എന്നിവർ.

LEAVE A REPLY

Please enter your comment!
Please enter your name here