കോഴിക്കോട്: ഐടിയിലും സ്പോര്‍ട്സ് രംഗത്തും നിക്ഷേപങ്ങളുള്ള കോഴിക്കോട് ആസ്ഥാനമായ ബീക്കണ്‍ ഗ്രൂപ്പ് പ്രൊമോട്ടു ചെയ്യുന്ന ട്രാവ്ലോഞ്ച് എന്ന സ്റ്റാര്‍ട്ടപ്പില്‍ ദുബായ് ആസ്ഥാനമായ ആസ്‌കോ ഗ്ലോബല്‍ വെഞ്ച്വേഴ്സ് 1 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു. പ്രധാന ഹൈവേകളുടെ ഓരത്ത് ട്രാവ്ലോഞ്ച് സ്ഥാപിക്കുന്ന ലോകോത്തര നിലവാരത്തിലുള്ള റോഡ്സൈഡ് റെസ്റ്റ്റൂമുകളിലെ ആദ്യത്തേത് പാലക്കാട്ടെ കഞ്ചിക്കോട്ട് നിര്‍മാണമാരംഭിച്ചതായും ട്രാവ്ലോഞ്ച് എംഡി സഫീര്‍ പി ടി പറഞ്ഞു. പ്രീമിയം കോഫി ഷോപ്പ്, ലോകോത്തര നിലവാരമുള്ള പെയ്ഡ് ടോയ്ലറ്റ് സൗകര്യങ്ങള്‍, മണിക്കൂര്‍ നിരക്കില്‍ സ്ലീപ്പിംഗ് ബോര്‍ഡുകള്‍, മിനിമാര്‍ട്ട്, കാര്‍വാഷ് ഉള്‍പ്പെടെയുള്ള നൂതന റോഡ്സൈഡ് സേവനങ്ങളാണ് ട്രാവ്ലോഞ്ചുകളില്‍ ലഭ്യമാകുകയെന്നും സഫീര്‍ വിശദീകരിച്ചു. ‘പാശ്ചാത്യ രാജ്യങ്ങളില്‍ സുപരിചിതമായ ഈ സംവിധാനത്തിലൂടെ വിമാനയാത്രക്കാര്‍ക്ക് ലഭ്യമായ തരത്തിലുള്ള പ്രീമിയം അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുക. ആപ്പ് അധിഷ്ഠിതമായിട്ടാകും സേവനങ്ങള്‍ ലഭ്യമാക്കുക. ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മിതമായ വാര്‍ഷിക വരിസംഖ്യ നല്‍കിയാല്‍ മിക്കവാറും സേവനങ്ങള്‍ പരിധിയില്ലാതെ ഉപയോഗിക്കാനാവും. ആപ്പ് ഇല്ലാത്ത വാക്ക്-ഇന്‍ ഉപയോക്താക്കളില്‍ നിന്ന് ഉപയോഗങ്ങള്‍ക്കനുസരിച്ച് ചാര്‍ജ് ഈടാക്കും,’ അദ്ദേഹം പറഞ്ഞു.

പാലക്കാട്ടെ കഞ്ചിക്കോട്ട് നാഷനല്‍ ഹൈവേയ്ക്കരികിലെ 80 സെന്റില്‍ നിര്‍മാണമാരംഭിച്ച ട്രാവ്ലോഞ്ചിന്റെ 8000 ച അടി വിസ്തൃതിയുള്ള ആദ്യയൂണിറ്റ് ഈ വര്‍ഷം തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്നും സഫീര്‍ പറഞ്ഞു. ആലപ്പുഴയ്ക്കും കൊച്ചിയ്ക്കുമിടയിലും തൃശൂരിലും വയനാട്ടിലുമായി ഉടന്‍ അഞ്ച് യൂണിറ്റുകള്‍ കൂടി തുറക്കും. അഞ്ചു വര്‍ഷത്തിനുള്ളില്‍ ദക്ഷിണേന്ത്യയിലെമ്പാടുമായി 50 ട്രാവ്ലോഞ്ചുകള്‍ തുറക്കാനും പത്തു ലക്ഷം വരിക്കാരെ നേടാനുമാണ് ലക്ഷ്യമിടുന്നത്.

ദുബായില്‍ റീടെയില്‍, മാനുഫാക്ചറിംഗ്, ഇറക്കുമതി, കയറ്റുമതി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്ത എന്‍ആര്‍ഐ സംരംഭമായ ആസ്‌കോ ഗ്ലോബല്‍ വെഞ്ച്വേഴ്സില്‍ നിന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതിനു മുന്‍പു തന്നെ 1 മില്യണ്‍ ഡോളര്‍ നിക്ഷേപം ലഭിക്കാനായതില്‍ ട്രാവ്ലോഞ്ചിന് ഏറെ ആഹ്ലാദമുണ്ടെന്നും സഫീര്‍ പറഞ്ഞു. നമ്മുടെ റോഡുയാത്രകളിലേയ്ക്ക് ട്രാവ്ലോഞ്ച് കൊണ്ടുവരാന്‍ പോകുന്ന വൃത്തിയും വെടിപ്പുമാണ് തന്നെ ഈ നിക്ഷേപത്തിനു പ്രേരിപ്പിച്ചതെന്ന് ആസ്‌കോ ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുള്‍അസീസ് പറഞ്ഞു. ‘രാത്രിസമയത്തും മറ്റുമുള്ള നമ്മുടെ ഹൈവേകളിലെ ദീര്‍ഘയാത്രകളെ ട്രാവ്ലോഞ്ചുകള്‍ കൂടുതല്‍ സുരക്ഷിതമാക്കും. നമ്മുടെ ടൂറിസം മേഖലയ്ക്കും ഇത് നല്ല പിന്തുണയാകും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓരോ ട്രാവ്ലോഞ്ചും പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ ചുരുങ്ങിയത് 30-40 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുമെന്നും സഫീര്‍ പറഞ്ഞു.

കോഴിക്കോട്ടെ സൈബര്‍പാര്‍ക്ക് ആസ്ഥാനമായ ഐടി സ്ഥാപനം നടത്തുന്ന ബീക്കണ്‍ ഗ്രൂപ്പ് രാജ്യത്തെ ആദ്യത്തെ വോളിബോള്‍ ലീഗായ പ്രോവോളിയിലെ പ്രമുഖ ടീമായ കാലിക്കറ്റ് ഹീറോസിന്റെ പ്രൊമോട്ടറുമായിരുന്നു.

 



ഫോട്ടോ ക്യാപ്ഷന്‍: ട്രാവ്‌ലോഞ്ചിന്റെ ലോഗോ മുഹമ്മദ് ഹിഷാം, ഷംനാസ് വി കെ, ട്രാവ്‌ലോഞ്ച് എംഡി സഫീര്‍ പി ടി, വോളിബോള്‍താരം കിഷോര്‍ കുമാര്‍, നിക്ഷേപകനായ ആസ്‌കോ ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുള്‍അസീസ്, ഡയറക്ടര്‍ അലി സിയാന്‍ സി എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here