സെയ്‌ലെം (യുഎസ്) : മരം കോച്ചുന്ന തണുപ്പുകാലങ്ങൾക്കു പേരുകേട്ട കാനഡയിപ്പോൾ തീച്ചൂടിൽ വെന്തുരുകുന്നു; കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിൽ മാത്രം 5 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 486 മരണം. പടിഞ്ഞാറൻ കാനഡയിലും വടക്കുകിഴക്കൻ യുഎസിലുമാണു പ്രകൃതിയുടെ സംഹാരതാണ്ഡവം തുടരുന്നത്. വടക്കുപടിഞ്ഞാറൻ മേഖലയിലെ ഉയർന്ന വായുസമ്മർദം മൂലം അന്തരീക്ഷതാപം കൂടിയതോടെയാണ് ഉഷ്ണതരംഗ പ്രതിഭാസം. 46 ഡിഗ്രി സെൽഷ്യസ് കടന്ന താപനിലയിൽ പൊതുവേ ശമനമുണ്ടെങ്കിലും ഉൾപ്രദേശങ്ങളിൽ കാര്യമായ മാറ്റമില്ല. ചൂടുകാറ്റു മൂലം പല മേഖലകളിലും കാട്ടുതീയും പടരുന്നു. 

യുഎസിലെ വാഷിങ്ടൻ സംസ്ഥാനത്ത് 20 മരണം കൊടുംചൂടുമായി ബന്ധപ്പെട്ടതാണെന്ന് അധികൃതർ പറഞ്ഞു. 47 ‍ഡിഗ്രി സെൽഷ്യസ് വരെ താപനില അനുഭവപ്പെട്ട ഓറിഗൻ സംസ്ഥാനത്ത് മരണം 60 കടന്നു. ഓറിഗനിൽ 2017–19 ൽ 12 പേർ അത്യുഷ്ണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ മൂലം മരിച്ച സ്ഥാനത്താണ് ഇപ്പോ‍ൾ ഒരാഴ്ച കൊണ്ട് 63 മരണം. പോർട്‌ലാൻഡിൽ ശീതീകരണ സംവിധാനമുള്ള ഷെൽറ്ററുകളിലേക്ക് ഒട്ടേറെ പേർ എത്തുന്നുണ്ട്. 

ബ്രിട്ടിഷ് കൊളംബിയയിലെ ലിറ്റൻ പട്ടണത്തിൽ ചൊവ്വാഴ്ച 49.6 ഡിഗ്രി സെൽഷ്യസ് ചൂടു രേഖപ്പെടുത്തിയത് കാനഡയിലെ സർവലകാല റെക്കോർഡാണ്. ഇത്ര വലിയ ചൂട് ഒരുകാലത്തും അനുഭവിച്ചിട്ടില്ലാത്ത സിയാറ്റിലും വാൻകൂവറിലും മറ്റും പല വീടുകളിലും എസി ഇല്ല. ഇതിനിടെ, വാൻകൂവറിനു വടക്കുള്ള ചിൽകോറ്റിൻ പ്രദേശം മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം മഞ്ഞുരുകി വെള്ളപ്പൊക്ക ഭീഷണിയിലാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here