ജിദ്ദ: സൗദി അറേബ്യക്കുനേരെ വീണ്ടും ഹൂതികളുടെ മിസൈൽ, ഡ്രോൺ ആക്രമണം. ശനിയാഴ്ച വൈകീട്ടും ഞായറാഴ്ച രാവിലെയുമാണ് തലസ്ഥാന നഗരമായ റിയാദിനുനേരെ ബാലിസ്റ്റിക് മിസൈലും ദക്ഷിണ സൗദിയിലെ ജീസാൻ, ഖമീസ് മുശൈത് പട്ടണങ്ങളിലേക്ക് ഡ്രോണുകളും അയച്ച് യമൻ വിമത സായുധസംഘം ആക്രമണം നടത്താൻ ശ്രമിച്ചത്.
റിയാദിനുനേരെ ഹൂതികൾ അയച്ച ബാലിസ്റ്റിക് മിസൈൽ തകർക്കാൻ സാധിച്ചതായി യമൻ സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലികി പറഞ്ഞു. ബാലിസ്റ്റിക് മിസൈലിനു പുറമെ ആയുധങ്ങൾ നിറച്ച ആറു ഡ്രോണുകൾ തടുത്തു തകർക്കുകയുണ്ടായി. തെക്കൻ മേഖല, ജീസാൻ, ഖമീസ് മുശൈത് പട്ടണങ്ങളിലെ ജനങ്ങളെയും അവരുടെ വസ്തുക്കളെയും ലക്ഷ്യമിട്ടാണ് ഡ്രോണുകൾ അയച്ചത്. മിസൈലുകളും ഡ്രോണുകളും അയച്ച് സിവിലിയന്മാർക്കു നേരെയുള്ള ആക്രമണം ഹൂതികൾ തുടരുകയാണെന്ന് സഖ്യസേന വക്താവ് പറഞ്ഞു.
സൗദി റോയൽ വ്യോമപ്രതിരോധ സേനക്കും സൗദി വ്യോമസേനക്കും ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽനിന്ന് മിസൈലുകളും ഡ്രോണുകളും അയക്കുേമ്പാൾ തന്നെ അവരെ നേരിടാനും തടഞ്ഞു നശിപ്പിക്കാനും കഴിവുണ്ട്. സിവിലിയന്മാരെയും സിവിലിയൻ വസ്തുക്കളെയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സഖ്യസേന കമാൻഡ് എടുക്കുമെന്നും വക്താവ് പറഞ്ഞു. ശനിയാഴ്ച വൈകീട്ട് ഹൂതികൾ അയച്ച ബാലിസ്റ്റിക് മിസൈൽ തടുത്തു നശിപ്പിച്ചപ്പോൾ മിസൈലിെൻറ ചീളുകൾ പതിച്ച് ഒരു വീടിന് കേടുപാടുണ്ടായതായി സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് വക്താവ് കേണൽ മുഹമ്മദ് അൽഹമാദി പറഞ്ഞു.
ഏതാനും താമസ സ്ഥലങ്ങളിൽ ചീളുകൾ ചിതറിക്കിടന്നിരുന്നു. മരണമോ പരിക്കോ ഇല്ല. സംഭവസ്ഥലത്തെത്തി ഇത്തരം ഘട്ടങ്ങളിൽ വേണ്ട നടപടികൾ പൂർത്തിയാക്കിയതായും വക്താവ് പറഞ്ഞു. സൗദിക്കുനേരെ തുടർച്ചയായുള്ള ഹൂതികളുടെ ആക്രമണത്തെ വിവിധ ഗൾഫ് രാജ്യങ്ങളും സംഘടനകളും ശക്തമായി അപലപിച്ചു.