മനാമ : ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതം ചൊവ്വാഴ്ച ആരംഭിച്ചു. ഒമാനില്‍ ബുധനാഴ്ചയാണ് റമദാന്‍ ഒന്ന്. ഈജിപ്ത്, ലബനണ്‍, ഇന്തോനേഷ്യ, മലേഷ്യ എന്നിവടങ്ങളിലും ചൊവ്വാഴ്ചമുതലാണ് വ്രതം. ബ്രൂണൈ, ഓസ്‌ട്രേലിയ എന്നിവടങ്ങില്‍ ബുധനാഴ്ചയും.

കൊറോണ മഹാമാരി കാലത്തെ രണ്ടാമത്തെ റമദാനാണിത്. മുന്‍വര്‍ഷത്തെപ്പോലെ നിയന്ത്രണങ്ങള്‍ക്കിടയിലാണ് ഇത്തവണയും വ്രതം. സൗദിയില്‍ എല്ലാ പള്ളികളിലും ഇശാ, തറവീഫ് നമസ്‌കാരങ്ങള്‍ അരമണിക്കൂറില്‍ കൂടാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. പെര്‍മിറ്റ് ഉള്ളവര്‍ക്ക് മാത്രമാണ് റമദാനില്‍ ഉംറക്ക് അനുമതി. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും രോഗം ഭേദമായര്‍ക്കും മാത്രമാണ് പെര്‍മിറ്റ് അനുവദിക്കുന്നത്.

ഇരു ഹറമുകളിലും മുതിര്‍ന്നവര്‍ക്കൊപ്പം വരുന്ന കുട്ടികളെ അനുവദിക്കില്ല. ഇരു ഹറമുകളിലും തറാവീഹ് നമസ്‌കാരം പത്ത് റക്അത്തായി ചുരുക്കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചു. ഇഫ്താര്‍ ക്യാമ്പുകള്‍ക്ക് പൂര്‍ണവിലക്കുണ്ട്.

ബഹ്‌റൈനില്‍ റമദാനില്‍ പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. വാക്‌സിന്‍ എടുത്തവര്‍ക്കും രോഗം ഭേദമായവര്‍ക്കുമാണ് റമദാനില്‍ പള്ളികളില്‍ പ്രവേശനം നല്‍കുന്നത്.

യുഎഇയില്‍ റമദാനില്‍ മജ്‌ലിസുകളും റമദാന്‍ ടെന്റുകളും നിരോധിച്ചു. ഒരേ വീട്ടില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്ക് മാത്രമാണ് സംഘം ചേര്‍ന്നുള്ള ഇഫ്താറിന് അനുമതി.

LEAVE A REPLY

Please enter your comment!
Please enter your name here