റിയാദ്: രണ്ടു ഡോസ് കോവിഡ്​ വാക്‌സിനും സ്വീകരിച്ച വിനോദസഞ്ചാരികൾക്ക് സൗദി അറേബ്യയിൽ പ്രവേശിക്കാൻ അനുമതി. ആഗസ്​റ്റ്​ ഒന്ന്​ മുതൽ പ്രവേശനാനുമതി നിലവിൽ വരും. യാത്രക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റും 72 മണിക്കൂറിനുള്ളിൽ നടത്തിയ പി.സി.ആർ ടെസ്​റ്റ്​ നെഗറ്റീവ് റിസൾട്ടും ഹാജരാക്കിയാൽ മതിയാകും.

വ്യാഴാഴ്ച വൈകീട്ട് സൗദി പ്രസ് ഏജൻസിയാണ്​ ഇക്കാര്യം അറിയിച്ചത്​. ടൂറിസം മന്ത്രാലയം ഞായറാഴ്​ച മുതൽ വിനോദസഞ്ചാരികൾക്കായി വാതിൽ തുറക്കുമെന്നും ടൂറിസ്​റ്റ്​ വിസ ഉള്ളവർക്കുള്ള പ്രവേശന വിലക്ക് റദ്ദാക്കുമെന്നുമാണ്​ അറിയിച്ചത്​. സൗദി അറേബ്യ അംഗീകരിച്ച കോവിഡ്​ വാക്​സിനുകളിൽ ഒന്നി​െൻറ നിശ്ചിത ഡോസ് കുത്തിവെപ്പെടുത്തവർക്ക് മാത്രമാണ്​ പ്രവേശനാനുമതി.

വാക്സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ മുഖീം പോർട്ടലിൽ (https://muqeem.sa/#/vaccine-registration/home) അപ്ഡേറ്റ് ചെയ്തിരിക്കണം. കൂടാതെ തവക്കൽനാ ആപ്ലിക്കേഷൻ വഴി പ്രവേശനാനുമതിക്കുള്ള സമ്മതപത്രം നേടിയെടുക്കണം. ഇത് പൊതു ഇടങ്ങളിലെ പരിശോധനകളിൽ ഹാജരാക്കണം. ഇതിന്​ അവശ്യമായ മാറ്റങ്ങൾ ഉൾപ്പെടുത്തി തവക്കൽനാ ക്രമീകരിച്ചിട്ടുണ്ടെന്നും അറിയിപ്പിൽ പറയുന്നു. ഷോപ്പിങ്​ മാളുകൾ, സിനിമാശാലകൾ, റെസ്​റ്റോറൻറുകൾ, വിനോദ വേദികൾ എന്നിവയുൾപ്പെടെ സൗദി അറേബ്യയിലെ നിരവധി പൊതു സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി തവക്കൽനാ ആപ്പ് വഴി ലഭിക്കും.

കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കാൻ സഞ്ചാരികൾ നിർബന്ധിതരായിരിക്കുമെന്നും കുറിപ്പിൽ പറയുന്നു. മുഖംമൂടി (മാസ്‌ക്) ധരിക്കുക, ശാരീരിക അകലം പാലിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ടൂറിസ്​റ്റ്​ വിസ നേടാൻ ആഗ്രഹിക്കുന്നവർക്ക് visitsaudi.com എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാമെന്ന് മന്ത്രാലയം അറിയിപ്പിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here