ദുബൈ: രൂപയുടെ മൂല്യമിടിഞ്ഞതോടെ വിനിമയനിരക്ക്​ കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും കൂടിയ സംഖ്യയിലെത്തി. ചൊവ്വാഴ്​ച വൈകീട്ട്​ ഒരു യു.എ.ഇ ദിർഹമിന്​ 20.42 ഇന്ത്യൻ രൂപയാണ്​ എൻ.ബി.ഡി ബാങ്കിൽ വിനിമയനിരക്ക്​. ഇത്​ അൽപം കൂടിയും കുറഞ്ഞും വിവിധ സമയങ്ങളിൽ മാറിമറിയുന്നുണ്ട്​. 20.59 രൂപ വരെ കഴിഞ്ഞ ദിവസം ചില സമയത്ത്​ ലഭിച്ചിട്ടുമുണ്ട്​. സമീപകാലത്തെ ഏറ്റവും മികച്ച വിനിമയ നിരക്ക്​ ലഭ്യമായതോടെ നാട്ടിലേക്ക്​ പണമയക്കുന്ന പ്രവാസികളുടെ എണ്ണം വർധിച്ചതായി എക്​സ്​ചേഞ്ച്​ മേഖലയിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു. ഗൾഫ്​ മേഖലയിലെ മറ്റു രാജ്യങ്ങളിലെ പ്രവാസികൾക്കും പണമയക്കാൻ അനുകൂല സാഹചര്യമാണ്​. കഴിഞ്ഞദിവസം സൗദി റിയാലിന്​ 20.11, ഖത്തർ റിയാലിന്​ 20.71, ഒമാനി റിയാലിന്​ 195.91, കുവൈത്ത് ദീനാറിന്​ 249.99, ബഹ്റൈൻ ദീനാറിന്​ 200.09 എന്നിങ്ങനെയാണ്​ വിനിമയനിരക്ക്​. കഴിഞ്ഞമാസം യു.എ.ഇ ദിർഹമിന്​ 20 രൂപയിലും താഴെയായിരുന്നു​. ​ അന്താരാഷ്​ട്ര മാർക്കറ്റിൽ ക്രൂഡോയിൽ വില വർധിച്ചതോടെയാണ്​ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടായത്​. കഴിഞ്ഞ ആഴ്​ച മുതലാണ്​ രൂപക്ക്​ തിരിച്ചടി നേരിട്ടുതുടങ്ങിയത്​. എണ്ണ വിലവർധനക്ക്​ പുറമെ കൽക്കരിയുടെ ലഭ്യതക്കുറവ്​ സൃഷ്​ടിച്ച പ്രതിസന്ധിയും പ്രതികൂലമായി ബാധിച്ചു. കുറച്ചുദിവസങ്ങൾ കൂടി വലിയ മാറ്റമില്ലാതെ വിനിമയനിരക്ക്​ തുടരുമെന്നാണ്​ കരുതുന്നത്​. എന്നാൽ, എണ്ണവിലയിൽ മാറ്റമുണ്ടാകുന്നതോടെ വീണ്ടും നിരക്ക്​ താഴേക്ക്​ പോകാനും സാധ്യതയുണ്ട്​. ഈ മാസം തുടക്കത്തിൽ വിനിമയനിരക്ക്​ വർധിക്കുമെന്ന്​ പ്രവചിക്കപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here