ദോഹ:എണ്ണയിതര മേഖലയില്‍ നിന്നു വരുമാനം വര്‍ധിപ്പിക്കാനുള്ള കൂടുതല്‍ നടപടികള്‍ക്ക് യുഎഇ പദ്ധതികള്‍ തയ്യാറാക്കുന്നു.നിക്ഷേപം സ്വീകരിച്ചു കൊണ്ടുള്ള പദ്ധതികള്‍ക്ക് മുന്‍ തൂക്കം നല്‍കിയാണ് വരുമാനം വര്‍ധിപ്പിക്കാന്‍ യു എ ഇ തയ്യാറെടുക്കുന്നത് .
കൂടുതല്‍ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനും സമ്പദ്വ്യവസ്ഥയ്ക്കു കുതിപ്പേകാനും നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും യുഎഇ സാമ്പത്തികകാര്യ മന്ത്രി സുല്‍ത്താന്‍ അല്‍മന്‍സൂറി വ്യക്തമാക്കി.
2021 ആകുമ്പോഴേക്കും എണ്ണയിതര മേഖലയില്‍നിന്നുള്ള വരുമാനം 80% ആയി ഉയര്‍ത്താനാണ് അധികൃതരുടെ തീരുമാനം.നിലവില്‍ 70% ആണ് ഈ മേഖലയില്‍ നിന്നുള്ള വരുമാനം. കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി നേരിട്ടുള്ള വിദേശനിക്ഷേപം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നിക്ഷേപ നിയമത്തിന്റെ കരട് പൂര്‍ത്തിയായി.
ഇനി ഇതിന്റെ തുടര്‍നടപടിക്രമങ്ങളിലേക്കു കടക്കും. ഇന്‍ഡസ്ട്രി റഗുലേഷന്‍, റഗുലേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രോപ്പര്‍ട്ടി പേറ്റന്റ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍സ്, കൊമേഴ്‌സ്യല്‍ ട്രാന്‍സാക്ഷന്‍, ആര്‍ബിട്രേഷന്‍ നിയമങ്ങള്‍ക്കും രൂപം നല്‍കും. വിദേശമൂലധനം വര്‍ധിപ്പിക്കാനും ലോകത്തെ മികച്ച നിക്ഷേപകേന്ദ്രമായി യുഎഇയെ മാറ്റിയെടുക്കാനും വിഭാവനം ചെയ്യുന്നതാണു നിക്ഷേപനിയമം. നടപടിക്രമങ്ങള്‍ ലളിതവും കൂടുതല്‍ സുതാര്യവുമാക്കി നിക്ഷേപാനുകൂല സാഹചര്യമൊരുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here