ദുബായ്: തിരക്കുപിടിച്ച പ്രവാസജീവിതത്തിനിടയിലും, നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ചലചിത്രതാരം ദിലീപിനെ രക്ഷിക്കാന്‍ ഒരു സംഘം മലയാളികളുടെ ശ്രമം. ദുബൈ കേന്ദ്രീകരിച്ചുളള വാട്‌സ് ആപ്പ് കൂട്ടായ്മയായ ‘വോയ്‌സ് ഓഫ് ഹുമാനിറ്റി’ യിലെ അംഗങ്ങളാണ് കേസില്‍ വിചാരണ നേരിടുന്ന താരത്തിന് പിന്തുണ പ്രഖ്യാപിച്ച് വാര്‍ത്താസമ്മേളനം നടത്തിയത്. ദിലീപിനെതിരെ വന്‍ ഗൂഢാലോചനയാണ് നടക്കുന്നത്. താരത്തിന് മാനുഷിക പരിഗണന നല്‍കണം. ജാമ്യം ലഭിക്കുന്നതിനായി ദിലീപിനെ സ്‌നേഹിക്കുന്നവര്‍ പരസ്യമായി പിന്തുണ പ്രഖ്യാപിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിച്ചത്.

സിനിമ, രാഷ്ട്രീയ, ബിസിനസ് രംഗത്തെ ശത്രു സംഘം ദിലീപിനെതിരെ ഗൂഢാലോചന നടത്തിയതിന്റെ ഭാഗമായാണ് നടന്‍ ഇന്നും ജയിലില്‍ കിടക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആരോപിച്ചു. സിനിമാ രംഗത്തെ പ്രമുഖരുടെ തുടര്‍ച്ചയായ ജയില്‍ സന്ദര്‍ശനം കേസില്‍ ദിലീപിന് പ്രതികൂലമാകുമെന്നും ഇതും ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായും ഇവര്‍ ആരോപിച്ചു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ പല ചോദ്യങ്ങള്‍ക്കുമുന്‍പിലും കൃത്യമായ ഉത്തരം പറയാനാവാതെ ഇവര്‍ കുഴങ്ങി.

നിരവധി പേര്‍ കേരളത്തിലെ ജയിലുകളിലടക്കം വിചാരണത്തടവുകാരായ കാലങ്ങളായി കഴിയുന്നില്ലേ, ദിലീപിനോട് മാത്രം എന്തുകൊണ്ട് ഈ സഹതാപം? കോടതിയുടെ അന്തിമ നിഗമനങ്ങള്‍ക്ക് കാത്തിരിക്കാതെയുളള പിന്തുണ പ്രഖ്യാപിക്കല്‍ ന്യായമാണോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നിലപാട് മയപ്പെടുത്തിയും കൃത്യതയില്ലാതെയുമായിരുന്നു മറുപടികള്‍. കേസ് സിബിഐ അന്വേഷിക്കണമെന്നും ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും കൂട്ടായ്മയിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടു. അതേസമയം, ദിലീപ് നിരപരാധിയാണെങ്കില്‍ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഇവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുളള നടപടികളാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും നിവേദനം നല്‍കാനും വാട്‌സാപ്പ് കൂട്ടായ്മയിലെ അംഗങ്ങള്‍ തീരുമാനമെടുത്തിട്ടുണ്ട്. പരസ്യ പിന്തുണയുമായി രംഗത്തെത്തിയതിനുപിന്നില്‍ ആരുടെയെങ്കിലും പ്രേരണയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആരുടെയും പ്രേരണകൊണ്ടല്ല നടനെന്ന നിലയില്‍ ദിലീപിനോടുളള ഇഷ്ടം കൊണ്ടാണ് വാര്‍ത്താസമ്മേളനം നടത്തിയതെന്നാണ് കൂട്ടായ്മയിലെ അംഗങ്ങള്‍ വിശദീകരിച്ചത്. ജാക്കി റഹ്മാന്‍, സാബു വര്‍ഗീസ്, ഷാനിദ്, എഎച്ച് റഫീഖ്, ഷാജഹാന്‍ ഒയാസിസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here