
ജിദ്ദ: അനുമതിയില്ലാതെ ഫീസ് വര്‍ധിപ്പിക്കുന്ന സ്കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അബുദാബി വിദ്യാഭ്യാസ കൗണ്‍സില്‍. സ്കൂളുകള്‍ അധിക നിരക്ക് ഈടാക്കുന്നതായി പരാതി ലഭിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
വിദ്യാഭ്യാസ വിജ്ഞാന വകുപ്പിന്റെ ഫീസ് മാനദണ്ഡങ്ങള്‍ സ്വകാര്യ സ്കൂളുകള്‍ കര്‍ശനമായി പാലിക്കണം. സ്കൂള്‍ ഫീസായോ അനുബന്ധ നിരക്കെന്ന നിലയിലോ വകുപ്പ് അംഗീകരിക്കാത്ത തുക ഈടാക്കാന്‍ പാടില്ല. ഏതെങ്കിലും സ്കൂളുകള്‍ അമിത നിരക്ക് ഈടാക്കിയാല്‍ ചട്ട ലംഘനമായി കണക്കാക്കി നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ കൌണ്‍സില്‍ അറിയിച്ചു. ഫീസ് വര്‍ധനയ്ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും അനുവദിച്ച ഫീസ് പട്ടിക സ്കൂളില്‍ പ്രദര്‍ശിപ്പിക്കണമെന്നും കൌണ്‍സില്‍ നിര്‍ദേശിച്ചു. ഒന്നിലധികം കുട്ടികള്‍ പഠിക്കുന്ന രക്ഷിതാക്കള്‍ക്ക് അധിക ഭാരം അടിച്ചേല്‍പ്പിക്കുന്ന പ്രവണത അംഗീകരിക്കില്ല. കുറഞ്ഞ വിലയ്ക്ക് പുറത്തുനിന്ന് ലഭ്യമാകുന്ന ഐപാഡും ടാബും കൂടിയ വിലയ്ക്ക് സ്കൂളില്‍നിന്ന് വാങ്ങണമെന്ന് നിര്‍ബന്ധിക്കുന്നതും കുറ്റകരമാണ്. കുടുംബ ബജറ്റിനെ താളംതെറ്റിക്കുന്ന ഇത്തരം നീക്കങ്ങള്‍ അനുവദിക്കില്ലെന്നും വിദ്യാഭ്യാസ കൊണ്‍സില്‍ അറിയിച്ചു.