കൊച്ചി: രാജ്യത്ത്​ ഇന്ധനവില ക്രമാതീതമായി വർധിച്ചതോടെ ലോറിവാടക കൂട്ടിയത്​​ അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിലേക്ക്​ നയിക്കുന്നു. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ വരും ദിവസങ്ങളിൽ കടുത്ത പ്രതിസന്ധി സൃഷ്​ടിക്കും. അതിനിടെ, മാർച്ച്​ 15 മുതൽ രാജ്യവ്യാപകമായി അനിശ്ചിതകാലത്തേക്ക്​ ചരക്കുലോറികളുടെ ഓട്ടം നിർത്തിവെക്കാൻ ഓൾ ഇന്ത്യൻ ട്രാൻസ്​പോ​ർ​ട്ടേഴ്​സ്​ വെൽഫെയർ അസോസിയേഷൻ തീരുമാനിച്ചു. ഇതിന്​ മുന്നോടിയായി ഫെ​ബ്രുവരി 26ന്​ സൂചന പണിമുടക്ക്​ നടത്തും.

ഒ​ട്ടേറെ സ്വകാര്യബസുകളും ചരക്കുലോറികളും ഇതിനകം ഓട്ടം നിർത്തി​. ലോറികൾ ഓട്ടം നിർത്തുന്നത്​ ചരക്കുവരവിനെ ബാധിക്കുകയും ഇത്​ വിലക്കയറ്റത്തിന്​ വഴിയൊരുക്കുകയും ചെയ്യും. ലോറി വാടകയിൽ രണ്ടായിരം രൂപയുടെ വർധനവുണ്ടായതോടെ പച്ചക്കറി വില കൂടിത്തുടങ്ങിയിട്ടുണ്ട്​. ഉള്ളിയുടെ മൊത്തവില 120 രൂപയിലെത്തി. വരും ദിവസങ്ങളിൽ പച്ചക്കറി വില വർധിപ്പിക്കേണ്ടിവരുമെന്ന്​ വ്യാപാരികളും നഷ്​ടം സഹിച്ച്​ സർവിസ്​ നടത്തേണ്ട അവസ്​ഥയിലാണെന്ന്​​​ സ്വകാര്യ ബസ് ഉടമകളും ടാക്​സി​ തൊഴിലാളികളും പറയുന്നു.

സമരം അയൽസംസ്​ഥാനങ്ങളിൽനിന്നുള്ള ചരക്ക്​ വരവിനെ കാര്യമായി ബാധിക്കും. അടിക്കടിയുള്ള ഡീസൽ വില വർധനവ്​, അമിത ടോൾ നിരക്ക്​, അശാസ്​ത്രീയമായ സ്​ക്രാപ്പിങ്​ ​നയം, ഹരിത നികുതിയിലെ വർധന​ തുടങ്ങിയവ മൂലം ലോറി വ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്ന്​ ഉടമകൾ പറയുന്നു. നേരത്തേ കിലോമീറ്ററിന്​ 28 രൂപയായിരുന്ന ചെലവ്​ ഇപ്പോൾ 40 രൂപക്കടുത്തായെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ ആവശ്യങ്ങളിൽ സർക്കാർ അടിയന്തര ചർച്ചക്ക്​ തയാറാകണമെന്നാണ്​ ആവശ്യം.

കേരളത്തിൽ എല്ലാ ജില്ലകളിലും 90 രൂപ​ കടന്നു
അതേസമയം, രാജ്യത്ത്​ ഇന്നും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. വെള്ളിയാഴ്​ച പെട്രോളിന്​ 31 പൈസയും ഡീസലിന്​ 35 പൈസയുമാണ്​ വർധിപ്പിച്ചത്​. രാജസ്​ഥാനിലെ ശ്രീഗംഗ നഗറിലാണ്​ ഏറ്റവും ഉയർന്ന വില. പെട്രോളിന്​ 100.82 രൂപയും ഡീസലിന്​ 92.83 രൂപയും. തുടർച്ചയായി പതിനൊന്നാം ദിവസമാണ്​ ഇന്ധന വില വർധിക്കുന്നത്​.

കേരളത്തിൽ എല്ലാ ജില്ലകളിലും 90 രൂപക്ക്​ മുകളിലാണ് പെട്രോൾ വില​. തിരുവനന്തപുരത്ത്​ യഥാക്രമം 92.07 രൂപയും 86.62 രൂപയുമാണ്​. എക്​സ്​ട്രാ പ്രീമിയം പെട്രോളിന്​ തിരുവനന്തപുരത്ത്​ 95.60 രൂപയായി​. ​െകാച്ചിയിൽ പെട്രോളിന്​ 90.08 രൂപയും ഡീസലിന്​ 84.70 രൂപയും കോഴിക്കോട്​ 90.46, 85.10 എന്നിങ്ങനെയുമാണ്​ വില.

LEAVE A REPLY

Please enter your comment!
Please enter your name here