ന്യൂഡൽഹി: വിവിധ ലോകരാജ്യങ്ങൾക്ക് കൊവിഡിനെ പിടിച്ചുകെട്ടാൻ ഇന്ത്യ നൽകിയത് 361.94 ലക്ഷം കൊവിഡ് വാക്‌സിൻ ഡോസുകൾ. ഇക്കൂട്ടത്തിൽ 67.5 ലക്ഷം ഡോസ് വാക്‌സിൻ വിവിധ രാജ്യങ്ങൾക്ക് സഹായമായും വാണിജ്യാടിസ്ഥാനത്തിൽ നൽകിയത് 294.44 ലക്ഷം ഡോസുമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.വിവിധ ഘട്ടങ്ങളിലായി പല രാജ്യങ്ങളിലേക്ക് ഇനിയും വാക്‌സിൻ വിതരണം തുടരുമെന്നും എന്നാൽ രാജ്യത്തിന്റെ ആവശ്യത്തിന് വാക്‌സിൻ ഉറപ്പിച്ച ശേഷമാകും മ‌റ്റുള‌ള രാജ്യങ്ങളിൽ വിതരണം ചെയ്യുകയെന്ന് വിദേശകാര്യ മന്ത്രാലയ വക്‌താവ് അനുരാഗ് ശ്രീവാസ്‌തവ അറിയിച്ചു. ഇന്ത്യയിലുള‌ള വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും ഇന്ത്യയിൽ തന്നെ നിർമ്മിച്ച വാക്‌സിനുകൾ നൽകാമെന്ന് വാഗ്‌ദാനം നൽകിയിട്ടുണ്ടെന്നും അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞു.

പത്തോളം രാജ്യങ്ങളുമായി ഇന്ത്യ നടത്തുന്ന കൊവിഡ് നിയന്ത്രണത്തെ കുറിച്ചുള‌ള പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന ഡോക്‌ടർമാർക്കും നഴ്സുമാർക്കും പ്രത്യേകം വിസ ഏർപ്പെടുത്താനും, മെഡിക്കൽ ആവശ്യങ്ങൾക്കായി എയർ ആംബുലൻസ് സംവിധാനവും കൊവിഡ് വാക്‌സിന്റെ ഫലപ്രാപ്‌തിയെ കുറിച്ച് പഠിക്കാനും അവലോകനം ചെയ്യാനും പ്രത്യേക പ്ളാ‌റ്റ്‌ഫോമും സംഘടിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആലോചിക്കുന്നതായി അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞു.ഇന്ത്യ ഇതുവരെ ബംഗ്ളാദേശ്, മ്യാൻമാർ, നേപ്പാൾ, ഭൂട്ടാൻ, മാലിദ്വീപ്, മൗറീഷ്യസ്, സീഷെൽസ്, ശ്രീലങ്ക, ബഹ്‌റൈൻ, ഒമാൻ, അഫ്‌ഗാനിസ്ഥാൻ, ബാർബെഡോസ്, ഡൊമിനിക്ക എന്നീ രാജ്യങ്ങൾക്കാണ് സഹായം എന്ന നിലയിൽ കൊവിഡ് വാക്‌സിൻ നൽകിയത്. വാണിജ്യാടിസ്ഥാനത്തിൽ വാക്‌സിൻ ഇന്ത്യയിൽ നിന്നും വാങ്ങിയത് ബ്രസീൽ, മൊറോക്കോ, ബംഗ്ളാദേശ്, മ്യാൻമാർ, ഈജിപ്‌ത്, അൾജീരിയ, ദക്ഷിണാഫ്രിക്ക, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങളിലാണ്. ലോകത്ത് ഏ‌റ്റവുമധികം കൊവിഡ് വാക്‌സിൻ നിർമ്മിക്കുന്ന രാജ്യങ്ങളിലൊന്ന് ഇപ്പോൾ ഇന്ത്യയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here