ന്യൂഡൽഹി: രാജ്യത്ത്‌ പ്രതിദിന കോവിഡ്‌ രോഗികളിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിൽ 17,407 കോവിഡ്‌ കേസ്‌ റിപ്പോർട്ട്‌ ചെയ്‌തു‌. ബുധനാഴ്‌ച 14,989 രോഗികളായിരുന്നു. സജീവകേസുകളിലും വർധനയുണ്ടായി‌. ഫെബ്രുവരി ആദ്യവാരം ചികിത്സയിലുള്ളവർ 1.50 ലക്ഷമായിരുന്നെങ്കിൽ നിലവിൽ 1. 73 ലക്ഷംപേരുണ്ട്‌. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽനിന്നുള്ള ജനിതകമാറ്റം സംഭവിച്ച വൈറസുകൾ 242 പേരിൽ സ്ഥിരീകരിച്ചു.

വ്യാഴാഴ്‌ച രാവിലെ ഏഴ്‌ വരെ രാജ്യത്ത്‌ 1.66 കോടി വാക്‌സിൻ നൽകി‌. കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുംവേണ്ടി കോവിഡ്‌ പ്രതിരോധയജ്ഞം തുടങ്ങി. മുൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ എം എസ്‌ ഖിൽ ആദ്യഡോസ്‌ സ്വീകരിച്ചു. മുൻപ്രധാനമന്ത്രി മൻമോഹൻസിങ്, ടൂറിസം സഹമന്ത്രി പ്രഹ്ലാദ്‌പട്ടേൽ, ഹിമാചൽപ്രദേശ്‌ മുഖ്യമന്ത്രി ജയ്‌റാംതാക്കുർ, സിക്കിം ഗവർണർ ഗംഗാപ്രസാദ്‌ ചൗരസ്യ, ഡൽഹി ലെഫ്‌റ്റനന്റ്‌ ഗവർണർ അനിൽബെയ്‌ജാൾ, ജമ്മു കശ്‌മീർ ലെഫ്‌റ്റനന്റ്‌ ഗവർണർ മനോജ്സിൻഹ തുടങ്ങിയവരും വ്യാഴാഴ്ച വാക്‌സിനെടുത്തു. അഞ്ച്‌ ലക്ഷം വാക്‌സിൻ ഡോസുകളയച്ച ഇന്ത്യക്ക്‌ ക്യാനഡ നന്ദി രേഖപ്പെടുത്തി.

സംസ്ഥാനത്ത്‌ 2616 രോഗികൾ
സംസ്ഥാനത്ത്‌ വ്യാഴാഴ്ചയും കോവിഡ്‌ രോഗികളുടെ എണ്ണം മൂവായിരത്തിൽ താഴെ. 2616 പേർക്കാണ്‌ വ്യാഴാഴ്ച കോവിഡ്‌ സ്ഥിരീകരിച്ചത്‌. ചികിത്സയിലായിരുന്ന 4156 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ ചികിത്സയിലുള്ളവർ 44,441 ആയി. രോഗമുക്തർ 10,20,671.

ബ്രിട്ടനിൽനിന്നു വന്ന ആർക്കും 24 മണിക്കൂറിൽ കോവിഡ്- സ്ഥിരീകരിച്ചിട്ടില്ല. 24 മണിക്കൂറിനിടെ 63,041 സാമ്പിൾ പരിശോധിച്ചു. രോഗസ്ഥിരീകരണ നിരക്ക് 4.15 ശതമാനമാണ്. 14 മരണംകൂടി കോവിഡ്-മൂലമാണെന്ന് സ്ഥിരീകരിച്ചു. ആകെ മരണം 4255 . 20 ആരോഗ്യ പ്രവർത്തകർക്കുൾപ്പെടെ 2339 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. വിവിധ ജില്ലകളിലായി 1,89,112 പേരാണ് നിരീക്ഷണത്തിലുള്ളത്. വ്യാഴാഴ്ച പുതിയ ഹോട്ട്സ്‌പോട്ടില്ല.

അറുപത് വയസ്സിന്‌ മുകളിലുള്ള 30,061 പേർ വാക്സിനെടുത്തു
സംസ്ഥാനത്ത്‌ ഇതുവരെ കോവിഡ്‌ വാക്സിൻ സ്വീകരിച്ചത്‌ അറുപത്‌ വയസ്സിന്‌ മുകളിലുള്ള 30,061 പേർ. തിങ്കളാഴ്ച മുതലാണ്‌ 60 വയസ്സിന് മുകളിലുള്ളവർക്കും 45 വയസ്സിന് മുകളിലുള്ള മറ്റസുഖമുള്ളവർക്കും കോവിഡ് വാക്‌സിൻ നൽകിത്തുടങ്ങിയത്‌. ബുധനാഴ്ചവരെ 3,47,801 ആരോഗ്യ പ്രവർത്തകർ ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 1,31,143 ആരോഗ്യ പ്രവർത്തകർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു. 91,916 മുന്നണി പോരാളികൾക്കും 1,14,243 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വാക്‌സിൻ നൽകി. ഒമ്പതിന് 21 ലക്ഷം ഡോസ് വാക്‌സിൻ കൂടി എത്തുന്ന സാഹചര്യത്തിൽ കേരളത്തിൽ വിതരണം സുഗമമായി നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here