മുംബായ്: റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്‌ഫോടകവസ്തുക്കൾ നിറച്ച കാറിന്റെ ഉടമ മരിച്ച നിലയിൽ. താനെ സ്വദേശിയായ മൻസുഖ് ഹിരണിന്റെ മൃതദേഹം മുംബായ് നഗരത്തിന് സമീപമുളള താനെ ക്രീക്ക് എന്ന ചെറുഉൾക്കടലിൽ നിന്നാണ് കണ്ടെടുത്തത്. മൻസുഖ് ആത്മഹത്യ ചെയ്തതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.മൻസുഖിന്റെ മൃതദേഹം താനെ ക്രീക്കിൽ നിന്നാണ് കണ്ടെത്തിയത്.

മൃതദേഹത്തൽ മുറിവുകളൊന്നും ഇല്ലെന്നും പോസ്‌മോർട്ടം നടത്തിയെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് നിയമസഭയിൽ പറഞ്ഞു. അതേസമയം മൻസുഖ് ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. അദ്ദേഹം കുട്ടികളെ നീന്തൽ പഠിപ്പിച്ചിരുന്നതായി അയൽക്കാർ ദേശീയ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.ഫെബ്രുവരി 25നാണ് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട സ്‌കോർപിയോ വാഹനത്തിൽ നിന്നും ജെലാറ്റിൻ സ്റ്റിക്കുകളും അംബാനി കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന കത്തും കണ്ടെടുത്തത്. പിന്നാലെ കാറിന്റെ ആർ.സി ഓണർ ആയ മൻസുഖ് ഹിരണെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

മുംബൈ പൊലീസിന് മൻസുഖ് ഹിരൺ നൽകിയ മൊഴി അനുസരിച്ച് ഒരു വർഷത്തിലേറെയായി കാർ ഉപയോഗിക്കാറില്ലായിരുന്നു. വാഹനം വിൽക്കേണ്ട ആവശ്യം വന്നപ്പോഴാണ് വാഹനം വീണ്ടും ഓടിക്കേണ്ടി വന്നത്. ഫെബ്രുവരി 16ന് റോഡിൽ പാർക്ക് ചെയ്ത വാഹനം പിന്നീട് മോഷ്ടിക്കപ്പെട്ടുവെന്നും, അന്ന് തന്നെ വാഹനം മോഷ്ടിക്കപ്പെട്ട വിവരം കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here