ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആദ്യമായി ഒരുലക്ഷം കടന്നു. ഇന്നലെ മാത്രം 1,03,559 പേർക്കാണ് ഇന്ത്യയിൽ രോഗം റിപ്പോർട്ട് ചെയ്‌തത്. 478 പേർ കൊവിഡ് ബാധിച്ച് മരിച്ചു. പകുതിയിലേറെ രോഗികളും മഹാരാഷ്ട്രയിലാണ്. രാജ്യത്ത് ഇതിനു മുമ്പ് ഏറ്റവും ഉയർന്ന വർദ്ധന കഴിഞ്ഞ സെപ്‌തംബർ പതിനേഴിനായിരുന്നു. അന്ന് 97,894 പേർക്കായിരുന്നു കൊവിഡ് ബാധിച്ചത്.

രാജ്യത്ത് കൊവിഡ് വാക്‌സിൻ വിതരണം പുരോഗമിക്കുമ്പോൾ തന്നെ കൊവിഡ് കേസുകൾ കുത്തനെ കൂടുന്ന സാഹചര്യം കേന്ദ്ര-സംസ്ഥാനസർക്കാരുകൾക്കിടയിൽ വൻ ആശങ്കയാണ് സൃഷ്‌ടിക്കുന്നത്. മഹാരാഷ്ട്ര, കർണാടക, ചത്തീസ്ഗഢ്, ഡൽഹി, തമിഴ്നാട്, ഉത്തർപ്രദേശ്, പഞ്ചാബ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്.

ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ വ്യാപനമാണ് രാജ്യത്തെ പുതിയ കൊവിഡ് തരംഗത്തിന് കാരണമെന്നാണ് വിലയിരുത്തൽ. കൊവിഡ് കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.രാജസ്ഥാനിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തിയതോടൊപ്പം ഒന്ന് മുതൽ ഒമ്പത് വരെയുളള ക്ലാസുകളും ജിംനേഷ്യം, മൾട്ടിപ്ലക്‌സ് എന്നിവ അടച്ചുപൂട്ടാനും തീരുമാനമായി. ഇന്ന് മുതൽ ഏപ്രിൽ 19വരെയാണ് നിയന്ത്രണം. പരിപാടികൾക്ക് ഒരുമിച്ച് കൂടുന്ന ആളുകളുടെ എണ്ണം നൂറാക്കി നിജപ്പെടുത്തി. അവസാന വർഷ വിദ്യാർത്ഥികൾ ഒഴികെയുളള കോളേജ് വിദ്യാർത്ഥികളുടെ ക്ലാസും നിർത്തി. മുൻകൂർ അനുമതിയോടെ പ്രാക്‌ടിക്കൽ പരീക്ഷകൾ നടത്താം.

LEAVE A REPLY

Please enter your comment!
Please enter your name here