വാഷിങ്ടണ്‍: കോവിഡ്മഹാമാരിയുടെ തീക്ഷ്‌ണമായ രണ്ടാംതരംഗത്തില്‍നിന്ന് കരകയറണമെങ്കില്‍ ഇന്ത്യ പൂര്‍ണമായി അടച്ചിടണമെന്ന് അമേരിക്കയുടെ കോവിഡ്കാര്യ ഉപദേശകനായ പ്രമുഖ ആരോഗ്യവിദഗ്ധന്‍ ഡോ. അന്തണി ഫൗച്ചി. കോവിഡ് ഒന്നാംഘട്ടത്തെ അതിജീവിച്ചെന്ന ഇന്ത്യയുടെ പ്രഖ്യാപനം നേരത്തേ ആയിപ്പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇന്ത്യയിൽ കോവിഡിന്‌ എതിരായ യുദ്ധം ജയിച്ചെന്ന രീതിയിലുള്ള പ്രതീതി സൃഷ്ടിക്കപ്പെട്ടത്‌ ഇപ്പോഴത്തെ അവസ്ഥയ്‌ക്ക്‌ കാരണമാമായിട്ടുണ്ടാകാം.

അടിയന്തരമായി കുറച്ച് ആഴ്ചത്തേക്ക് ഇന്ത്യ അടച്ചിടണം. യുദ്ധകാലാടിസ്ഥാനത്തില്‍ മറ്റ് സുപ്രധാന നടപടികളും കൈക്കൊള്ളണം. ചൈന ചെയ്തതുപോലെ വന്‍തോതില്‍ ആള്‍ക്കാരെ പ്രവേശിപ്പിക്കാന്‍ താൽക്കാലിക ആശുപത്രി സജ്ജീകരിക്കുകയാണ് ഇതില്‍ പ്രധാനം. അത്യന്തം ദുര്‍ഘട സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ഇന്ത്യയിലെ രോഗികളുടെ പരക്കംപാച്ചിലാണ് ടെലിവിഷനിലൂടെ കാണുന്നത്.  രോഗികള്‍ക്ക് ആശ്വാസമെത്തിക്കുകയാണ് പ്രധാനം. അതിനായി അടിസ്ഥാനസൗകര്യമൊരുക്കണം.

അമേരിക്ക ചെയ്തപോലെ സ്ഥിതി നിയന്ത്രിക്കാന്‍ സൈന്യത്തെ ഇറക്കണം. അടിയന്തരമായി വാക്‌സിന്‍ വിതരണം ചെയ്യുന്നതിലടക്കം സൈന്യത്തെ ഇടപെടുത്താനാകും. ഇതൊരു യുദ്ധമാണ്. വൈറസാണ് എതിരാളി.വാക്‌സിൻ മാത്രമാണ്‌ യഥാർഥ ആയുധം. ഇന്ത്യയില്‍ ഇതുവരെ രണ്ടുശതമാനത്തില്‍ താഴെ ആളുകള്‍മാത്രമേ വാക്‌സിന്‍ എടുത്തിട്ടുള്ളൂ. അതൊരു ഗൗരവതരമായ പ്രശ്‌നമാണ്. വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ എല്ലാനടപടിയും ഉണ്ടാകണം. ലോകരാജ്യങ്ങള്‍ ഇന്ത്യയെ സഹായിക്കേണ്ട ഘട്ടമാണിതെന്നും അദ്ദേഹം പറ‍ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here