ന്യൂഡൽഹി: വാശിയേറിയ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷവും ഹാട്രിക് വിജയവും കരസ്ഥമാക്കിയ തൃണമൂൽ കോൺഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട മമതാ ബാനർജി നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിമാരുടെ സത്യപ്രതിജ്ഞ അടുത്ത ദിവസം നടക്കും. അതേസമയം നന്ദിഗ്രാമിലെ പരാജയത്തിൽ, വീണ്ടും വോട്ടെണ്ണൽ നടത്തണമെന്നാവശ്യപ്പെട്ട് മമത തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.

294 അംഗ നിയമസഭയിൽ (രണ്ടിടത്ത് സ്ഥാനാർത്ഥികൾ മരിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ചു) 213 സീറ്റുമായി തൃണമൂൽ കോൺഗ്രസ് വൻ ഭൂരിപക്ഷം നേടിയതിനെ തുടർന്ന് മമത ഇന്നലെ രാത്രി ഗവർണർ ജഗ്ദീപ് ധൻകറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. അതിന് മുമ്പ് പാർട്ടി എം.എൽ.എമാരുടെ യോഗത്തിൽ മമതയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു.

നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടതിനാൽ, മമത മുഖ്യമന്ത്രിയായി ചുമതലയേറ്റ് ആറു മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചാൽ മതിയാകും.

ഞായറാഴ്ച നടന്ന വോട്ടെണ്ണലിൽ 11 റൗണ്ടുകൾ വരെ സുവേന്ദു അധികാരിയും തൊട്ടടുത്ത നാലെണ്ണത്തിൽ മമതയുമായിരുന്നു മുന്നിൽ. 6,000 -11,000 വോട്ടുകൾക്ക് മുന്നിലായിരുന്ന മമത 1200 വോട്ടുകൾക്ക് ജയിച്ചെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ തിരുത്തും വന്നു. അവസാന റൗണ്ടിൽ മമതയെ പിന്നിലാക്കിയ സുവേന്ദു 1,956 വോട്ടിന് ജയിച്ചെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ്. റീ കൗണ്ടിംഗ് ആവശ്യപ്പെട്ട് മമത തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്. റീ കൗണ്ടിംഗ് നടന്നാൽ ജീവന് ഭീഷണിയാണെന്ന് നന്ദിഗ്രാമിലെ റിട്ടേണിംഗ് ഓഫീസർ വെളിപ്പെടുത്തിയതായി സന്ദേശം ലഭിച്ചെന്ന് മമത പറഞ്ഞു. സംസ്ഥാനത്ത് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ച പാർട്ടിയുടെ നേതാവ് തോറ്റത് ദുരൂഹമാണെന്ന് തൃണമൂൽ നേതാവ് ഡെറിക് ഒബ്രെയ്ൻ ചൂണ്ടിക്കാട്ടി.

ഞായറാഴ്ച വോട്ടെണ്ണലിന് പിന്നാലെ നടന്ന അക്രമ സംഭവങ്ങളിൽ നാലു പേർ മരിച്ചു. അക്രമ സംഭവങ്ങളെക്കുറിച്ച് ഗവർണർ ഡി.ജി.പിയിൽ നിന്ന് റിപ്പോർട്ട് തേടി. പുതിയ സർക്കാർ അധികാരത്തിൽ വരുന്നതുവരെ ഗവർണർക്കാണ് ക്രമസമാധാന ചുമതല. ഇത് എത്രയും വേഗം തിരിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മമത നാളെ തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here