രാജേഷ് തില്ലങ്കേരി

ബി ജെ പിയുടെ അധിനിവേശത്തെ ശക്തമായി ചെറുത്തുനിന്ന തൃണമൂൽ കോൺഗ്രസ് നേതാവ് പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയായി വീണ്ടും ചുമതലയേറ്റു. ഒരു വനിതാ നേതാവ് എന്ന നിലയിൽ മമതാ ബാനർജി ബി ജെ പിക്കെതിരെ നടത്തിയ പോരാട്ടം ദേശീയതലത്തിൽ തന്നെ ഏറെ ശ്രദ്ധേയമായിരുന്നു. കേന്ദ്രം ഭരിക്കുന്ന പാർട്ടിയെന്ന നിലയിൽ എല്ലാ ഹുങ്കും പശ്ചിമബംഗാൾ മുഖ്യമന്ത്രിക്കുനേര ഉപയോഗിച്ചു, എന്നിട്ടും ബംഗാളിന്റെ മണ്ണിൽ ബി ജെ പിക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ലെന്നത് രാഷ്ട്രീയപരമായി ബി ജെ പി ഈ അടുത്ത കാലത്ത് നേരിട്ട വലിയ തിരിച്ചടിയായിരുന്നു.

പശ്ചിമബംഗാൾ പിടിക്കാനായി നടത്തിയ നീക്കങ്ങൾക്കുണ്ടായ തിരിച്ചടി ബി ജെ പി നേതൃത്വത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കയാണ്. പണവും അധികാരവും ഉപയോഗിച്ച് ജനാധിപത്യത്തെയും, രാഷ്ട്രീയ മാന്യതകളെയും കാറ്റിൽ പറത്തി, അധികാരം പിടിക്കുകയെന്ന നയത്തിനേറ്റ വലിയ പ്രഹരമായി ബി ജെ പിയുടെ ബംഗാൾ ഓപ്പറേഷൻ.
 കഴിഞ്ഞ ഒരു വർഷത്തിലേറെയായി ബംഗാളിൽ കേന്ദ്രം ഭരിക്കുന്ന ദേശീയ പാർട്ടിയെന്ന നിലയിൽ നിരവധി ഇടപെടലുകളാണ് ബി ജെ പി നടത്തിയത്. പശ്ചിമബംഗാളിലെ ഭരണ കക്ഷിയായ തൃണമൂൽ കോൺഗ്രസിനെ ക്ഷീണിപ്പിക്കുന്നതിനും അതുവഴി ബംഗാൾ സ്വന്തമാക്കുന്നതിനുമായി വിവിധ പദ്ധതികൾ നടപ്പാക്കി. ആദ്യ ഘട്ടത്തിൽ മമതാ ബാനർജിയുടെ അടുത്ത അനുയായികളെ അടർത്തിയെടുത്തു. പല എം എൽ എമാരും ബി ജെ പിയുടെ പണത്തിനു മുന്നിൽ കീഴടങ്ങി. മമതയുടെ പതനം മാത്രം ലക്ഷ്യമിട്ട് ഗവർണറെ വരെ ഉപയോഗിച്ച് കേന്ദ്രസർക്കാർ നീക്കം നടത്തി. പരസ്യമായി ഗവർണറും മുഖ്യമന്ത്രിയും പോരാടി. അപ്പോഴെല്ലാം തികഞ്ഞ ആത്മവിശ്വാസത്തോടെ മമത പോരാട്ടം തുടർന്നു.   മമതാ ബാനർജിയുടെ ശക്തിയും ബംഗാൾ ജനതയുടെ പിന്തുണയും എത്രത്തോളം ആഴത്തിലുള്ള താണെന്ന് തിരിച്ചറിയാൻ ബി ജെ പി നേതൃത്വത്തിന് തിരിച്ചറിയാൻ പറ്റിയില്ല എന്നതായിരുന്നു സത്യം.

ബംഗാളിന്റെ രാഷ്ട്രീയത്തിൽ വലിയ മാറ്റമാണ് തൃണമൂൽ കോൺഗ്രസ് വരുത്തിയത്.  
ബി ജെ പി എന്ത് സംഭവിച്ചാലും പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. തൃണമൂൽ കോൺഗ്രസിൽ നിന്നും ബംഗാൾ പിടിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ബി ജെ പി വിവിധങ്ങളായ പദ്ധതികളാണ് നടപ്പാക്കിയത്. അതിൽ ഏറ്റവും ശ്രദ്ധേയമായത് ഗവർണറെ രാഷ്ട്രീയമായി ഉപയോഗിക്കുക എന്നതായിരുന്നു. ബംഗാളിൽ നിരന്തരമായ അക്രമം അഴിച്ചുവിട്ട് കലാപഭൂമിയാക്കാനുള്ള ശ്രമം ബി ജെ പി നടപ്പാക്കി. ബി ജെ പിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന പദ്ധതിയും ആരംഭിച്ചു. മമതാ ബാനർജിയുടെ ഏറ്റവും അടുത്ത അനുയായികളെ ബി ജെ പിയിലെത്തിച്ചാണ് ബി ജെ പി തങ്ങളുടെ പിടിച്ചെടുക്കൽ രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത്. എന്നാൽ മമതാ ബാനർജി ബി ജെ പിയെ പല്ലും നഖവും ഉപയോഗിച്ച് തടഞ്ഞു. ഒട്ടേറെ രാഷ്ട്രീയ നാടകങ്ങളാണ് കോൽക്കൊത്തയിലും മറ്റും അരങ്ങേറിയത്. ബി ജെ പി ദേശീയ അധ്യക്ഷൻ, കേന്ദ്രഅഭ്യന്തര മന്ത്രി അമിത് ഷാ, തുടങ്ങി വിവിധ നേതാക്കൾ നിരന്തരമായി ബംഗാൾ സന്ദർശിച്ച് കലാപത്തിന് ആഹ്വാനം ചെയ്തു. എന്നിട്ടും മുഖ്യമന്ത്രി മമതാ ബാനർജി കുലുങ്ങിയില്ല.

ഒട്ടേറെ രാഷ്ട്രീയ അക്രമങ്ങളാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പശ്ചിമ ബംഗാളിൽ അരങ്ങേറിയത്. മുഖ്യമന്ത്രിക്ക് പോലും പരിക്കേൽക്കുന്ന അവസ്ഥയുണ്ടായി. വീൽചെയറിലിരുന്നാണ് ദീദി തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്.
മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിയോട് ഏറ്റുമുട്ടി പരാജയം നേടിയെന്നല്ലാതെ മറ്റൊരു നേട്ടവും കൈവരിക്കാൻ കോൺഗ്രസും, ഇടത് പക്ഷത്തിനും കഴിഞ്ഞില്ലെന്നതും നമ്മൾ കാണാതെ പോവരുത്.  ബംഗാളിലെ രാഷ്ട്രീയത്തിലെ മുടിചൂടാ മന്നന്മാരായിരുന്ന സി പി എമ്മിന് വട്ടപ്പൂജ്യമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം. 33 വർഷക്കാലം തുടർച്ചയായി പശ്ചിമബംഗാൾ ഭരിച്ച പാർട്ടിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. സി പി എം കോൺഗ്രസുമായി ചേർന്നാണ് ഇത്തവണ ബംഗാളിൽ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ പൊതു ശത്രുവെ നേരിടാൻ പഴയശത്രുവിനെ കൂട്ടു പിടിച്ച സി പി എം -കോൺഗ്രസ് തന്ത്രം ഏറ്റില്ല. ബി ജെ പിയെന്ന വലിയ ശത്രുവിനെ നേരിടാനുള്ള പോരാട്ടത്തിൽ തൃണമൂൽ കോൺഗ്രസ് സിപി എം -കോൺഗ്രസ് സഖ്യത്തെ കാര്യമായി ഗൗനിച്ചിരുന്നുമില്ല. സി പി എം -കോൺഗ്രസ് സഖ്യം വലിയ പരാജയമായി. എന്നാൽ ബി ജെ പി ഭരണം പിടിക്കാനുള്ള നീക്കത്തെ ശക്തിയായി പൊളിച്ചടുക്കിയെന്നതാണ് മമതാ ബാനർജിയുടെ രാഷ്ട്രീയ തന്ത്രം. ബി ജെ പിയുടെ സർവ്വസന്നാഹങ്ങളും ആഞ്ഞ് ശ്രമിച്ചിട്ടും അവിടെ ഒന്നും നടന്നില്ല. മമതാ ബാനർജിയുടെ ചെറുത്തു നിൽപ്പ് കോൺഗ്രസിനും സി പി എമ്മിനും വലിയ പാഠമാണ്.      

LEAVE A REPLY

Please enter your comment!
Please enter your name here