ഭോപ്പാല്‍: അപ്രതീക്ഷിതമായി പെയ്ത കനത്തമഴയില്‍ മധ്യപ്രദേശിലെ ആയിരത്തിലധികം ഗ്രാമങ്ങള്‍ വെള്ളത്തിനിടയിലായി. കഴിഞ്ഞ 24 മണിക്കൂറായി തുടരുന്ന മഴയില്‍ കനത്ത നാശനഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശിവപുരി ജില്ലയിലാണ് മഴ ഏറ്റവും കൂടുതല്‍ നാശം വരുത്തിയത്. ഗ്വാളിയോര്‍-ചംബല്‍ മേഖലയില്‍ 1,171 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. 

സംസ്ഥാനത്തെ സ്ഥിതി വിവരങ്ങള്‍  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ധരിപ്പിച്ചു. സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി അദ്ദേഹത്തിന് ഉറപ്പുനല്‍കി. ശിവപുരിയിലെ ബീച്ചി ഗ്രാമത്തില്‍ മരത്തില്‍ കുടുങ്ങിയ മൂന്നുപേരെ സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.

പ്രളയബാധിത മേഖലകളില്‍ മുഖ്യമന്ത്രി ഹെലികോപ്ടറില്‍ സന്ദര്‍ശനം നടത്തും. ശിവപുരി, ഷിയോപുര്‍, ഗ്വാളിയോര്‍, ദതിയ ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനു സംസ്ഥാന സര്‍ക്കാര്‍ സേനയുടെ സഹായം തേടി. 1600-ല്‍ പരം ആളുകളെ ദേശീയ, സംസ്ഥാന ദുരന്തപ്രതികരണ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ശിവപുരി ജില്ലയിലെ അടല്‍ സാഗര്‍ ഡാമിന്റെ പത്ത് ഷട്ടറുകല്‍ തുറന്നു. വെള്ളപ്പൊക്കം ബാധിച്ച മേഖലകളിലെ ജില്ലാ കളക്ടര്‍മാരുമായി മുഖ്യമന്ത്രി സ്ഥിതിവിവരങ്ങള്‍ ആരാഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here