ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ (യു.എൻ.ജി.എ) ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തി ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കാലത്ത് തന്റെ പിതാവിനെ ചായക്കടയിൽ സഹായിച്ചിരുന്ന കൊച്ചുകുട്ടി ഇന്ന് നാലാം തവണയാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഇത്തരമൊരു പരാമർശം നടത്തിയത്.

ഒരു കാലത്ത് റെയിൽവേ സ്റ്റേഷനിലെ ചായക്കടയിൽ പിതാവിനെ സഹായിച്ചിരുന്ന കൊച്ചുകുട്ടി ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി നാലാം തവണ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യുന്നു എന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തി തെളിയിക്കുന്നതായി മോദി പറഞ്ഞു. ജനാധിപത്യത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന ഒരു രാജ്യത്തെയാണ് താൻ പ്രതിനിധീകരിക്കുന്നത്. ഒരു വലിയ ജനാധിപത്യ പാരമ്പര്യം നമുക്കുണ്ട്. അത് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ വൈവിദ്ധ്യമാണ് രാജ്യത്തിന്റെ ശക്തമായ ജനാധിപത്യത്തിന്റെ സ്വത്വമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡസൻ കണക്കിന് ഭാഷകളും നൂറുകണക്കിന് ഭാഷാഭേദങ്ങളും വ്യത്യസ്ത ജീവിതശൈലികളും പാചകരീതികളും ഉള്ള ഒരു രാജ്യമാണിത്. ഊർജ്ജസ്വലമായ ജനാധിപത്യത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊവിഡിൽ മരണമടഞ്ഞവർക്ക് ആദരമർപ്പിച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്. കൊവിഡ് വാക്സിനേഷനിൽ ഇന്ത്യയുടെ നേട്ടവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതേസമയം, ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് വാക്സിൻ ഉത്പാദനത്തിനായി പ്രധാനമന്ത്രി ക്ഷണിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here