ഗുവാഹത്തി: അസമില്‍ കുടിയൊഴിപ്പിക്കലിനിടെ നടന്ന കൈയാങ്കളിക്കും പോലീസ്‌ വെടിവയ്‌പിനും പിന്നില്‍ കളിച്ചത്‌ പോപ്പുലര്‍ ഫ്രണ്ടെന്ന്‌ മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ. സംഭവത്തിനു വര്‍ഗീയ ചുവയില്ലെന്നും ഇതുവരെ മാധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങള്‍ സംഭവത്തിന്റെ പൂര്‍ണചിത്രം നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പ്രതിഷേധത്തിനിടെയാണ്‌ ദരാങ്‌ ജില്ലയില്‍ സംഘര്‍ഷമുണ്ടായത്‌. പ്രതിഷേധക്കാര്‍ വടികളുമായി പോലീസിനെ നേരിട്ടപ്പോള്‍ പോലീസ്‌ വെടിവച്ചു. 12 വയസുകാരന്‍ ഉള്‍പ്പെടെ രണ്ടുപേരാണ്‌ കൊല്ലപ്പെട്ടത്‌. വീട്ടില്‍നിന്ന്‌ ആധാര്‍ കാര്‍ഡ്‌ വാങ്ങാന്‍ പോസ്‌റ്റ്‌ ഓഫീസില്‍ പോയി വന്നതാണ്‌ പന്ത്രണ്ടുകാരന്‍ ഷാഖ്‌ ഫരീദ്‌.
സംഘര്‍ഷത്തില്‍ ഒമ്പതു പോലീസുകാര്‍ക്കും രണ്ടു നാട്ടുകാര്‍ക്കും പരുക്കേറ്റു. ഏറ്റുമുട്ടലിനിടെ ഒരാള്‍ വടിയുമായി പോലീസിനെ നേരിടുന്നത്‌ വീഡിയോയില്‍ കാണാം. പിന്നീട്‌ ഇയാളെ ക്രൂരമായി പ്രഹരിക്കുന്നതും നിലത്തുവീണിട്ടും പോലീസിനൊപ്പമുള്ള ഫോട്ടോഗ്രാഫര്‍ ഇയാള്‍ക്കുമേല്‍ പലവട്ടം ചാടുന്നതും ദൃശ്യങ്ങളിലുണ്ട്‌. ഇത്‌ വലിയ വിവാദത്തിനു വഴിതെളിച്ചിരിക്കുകയാണ്‌.
എന്നാല്‍, കുടിയൊഴിപ്പിക്കലില്‍ നിന്നു സര്‍ക്കാരിനെ പിന്തിരിപ്പിക്കാമെന്നു തെറ്റിദ്ധരിപ്പിച്ച്‌ ചില സംഘടനകള്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ നാട്ടുകാരില്‍നിന്ന്‌ 28 ലക്ഷത്തോളം രൂപ പിരിച്ചെടുത്തെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഇതുസംബന്ധിച്ച്‌ വ്യക്‌തമായ രഹസ്യാന്വേഷണം വിവരം ലഭിച്ചിട്ടുണ്ട്‌. കുടിയൊഴിപ്പിക്കല്‍ തടയാനുള്ള തങ്ങളുടെ പദ്ധതി പാളിയതോടെ ഇവര്‍ ജനങ്ങളെ ഇളക്കി വിടുകയും ഇതു സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട ആറ്‌ ആളുകളുടെ പേരുകള്‍ ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.
സംഘര്‍ഷം നടക്കുന്നതിന്റെ തലേന്നു പോപ്പുലര്‍ ഫ്രണ്ടുകാര്‍ സ്‌ഥലം സന്ദര്‍ശിച്ചു. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കു ഭക്ഷ്യവസ്‌തുക്കള്‍ നല്‍കാനെന്ന പേരിലായിരുന്നു ഇത്‌. സംഭവത്തില്‍ ഉള്‍പ്പെട്ട കോളജ്‌ അധ്യാപകന്‍ ഉള്‍പ്പടെ ആറു പേരുടെ പേരുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദരാങ്‌ സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടിരുന്നു. ജില്ലയിലെ സിപാജാര്‍ മേഖലയില്‍ കാര്‍ഷിക പദ്ധതിക്കായാണ്‌ കുടിയൊഴിപ്പിക്കല്‍ നടന്നത്‌. ഹിമന്ദയുടെ ഇളയ സഹോദരന്‍ സുശാന്തയാണ്‌ ദരാങ്‌ പൊലീസ്‌ സൂപ്രണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here