ബംഗളൂരു: മോഡേൺ ഇന്ത്യൻ സ്ത്രീകൾക്ക് വിവാഹം കഴിക്കാനോ പ്രസവിക്കാനോ താൽപ്പര്യമില്ലെന്ന് കർണാടക ആരോഗ്യ മന്ത്രി ഡോ. കെ സുധാകർ. ആധുനിക സ്ത്രീകൾ അവിവാഹിതരായിരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഇനി വിവാഹിതരായാൽ തന്നെ പ്രസവിക്കാൻ താൽപ്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോളജിക്കൽ സയൻസിൽ സംസാരിക്കവെയാണ് മന്ത്രിയുടെ വാക്കുകൾ.

‘ഇത് പറയുന്നതിൽ എനിക്ക് ഖേദമുണ്ട്. ഇന്ത്യയിൽ ഒരുപാട് ആധുനിക സ്ത്രീകൾ അവിവാഹിതരായിരിക്കാനാണ് ആഗ്രഹിക്കുന്നത്. വിവാഹം കഴിച്ചാൽതന്നെ ഇവർക്ക് പ്രസവിക്കാൻ താൽപ്പര്യമില്ല. വാടക ഗർഭധാരണമാണ് അവർക്ക് താൽപ്പര്യം. അവരുടെ ചിന്തയിൽ കാര്യമായ മാറ്റമുണ്ടായിരിക്കുന്നു. അത് നല്ലതല്ല.’ – ഡോ. കെ സുധാകർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

ഇന്ത്യൻ സമൂഹത്തിലെ പാശ്ചാത്യ സ്വാധീനത്തെ തുടർന്നാണ് ഇതെന്നും സുധാകർ പറഞ്ഞു. ആളുകൾ അവരുടെ മാതാപിതാക്കളെ ഒപ്പം നിർത്താൻ തയ്യാറാകുന്നില്ല. ദൗർഭാഗ്യവശാൽ പാശ്ചാത്യരീതിയിലൂടെയാണ് നമ്മൾ പോകുന്നത്.

മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം ഏഴു ഇന്ത്യക്കാരിൽ ഒരാൾക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങളുണ്ടെന്നും പറഞ്ഞു. സമ്മർദ്ദത്തെ അതിജീവിക്കുന്നത് ഒരു കലയാണ്. യോഗയിലൂടേയും ധ്യാനത്തിലൂടെയും ആ കല നമ്മൾ ലോകത്തിന് പഠിപ്പിച്ചുകൊടുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here