ന്യൂ ഡൽഹി : പ്രതിരോധ  ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഏഴ് പുതിയ കമ്പനികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഈ കമ്പനികൾ ഇന്ത്യയുടെ സൈനിക ശേഷിയുടെ കരുത്ത് വർധിപ്പിക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രതിരോധ രംഗത്ത് വലിയ മാറ്റത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. 41 ഓർഡനൻസ് ഫാക്ടറികളുടെ  നവീകരണവും ഈ ഏഴ് കമ്പനികളുടെ ആരംഭവും ആ യാത്രയുടെ ഭാഗമാണെന്നും മോദി പറഞ്ഞു. വളർച്ചയാണ് ഇന്ത്യയുടെ മുഖമുദ്രയെന്നും മോദി പറഞ്ഞു.

മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡ് , ആർമേർഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡ്  അഡ്വാൻസ്ഡ് വെപൺസ് ആന്റ് എക്വിപ്‌മെന്റ് ഇന്ത്യ ലിമിറ്റഡ് ട്രൂപ് കംഫർട്‌സ് ലിമിറ്റഡ്, യന്ത്ര ഇന്ത്യ ലിമിറ്റഡ്  ഇന്ത്യ ഓപ്റ്റൽ ലിമിറ്റഡ്, ഗ്ലൈഡേർസ് ഇന്ത്യ ലിമിറ്റഡ്  എന്നിവയാണ് പുതുതായി രാജ്യത്തിന് സമർപ്പിക്കപ്പെട്ട കമ്പനികൾ. രാജ്യത്തെ കര-വ്യോമ-നാവികാ സേനാ വിഭാഗങ്ങളിൽ നിന്നും പാരാമിലിറ്ററി ഫോഴ്‌സുകളിൽ നിന്നുമായുള്ള 65000 കോടി രൂപയുടെ 66 പുതിയ കരാറുകളാണ് ഈ കമ്പനികൾക്ക് ആദ്യം കിട്ടുക.

ഇന്ത്യയിലെ ഓർഡനൻസ് ഫാക്ടറികളായിരുന്നു ഒരു കാലത്ത് ലോകത്തെ ഏറ്റവും ശക്തമായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകമഹായുദ്ധ കാലത്ത് ലോകം ഇന്ത്യയുടെ കരുത്തറിഞ്ഞു. എന്നാൽ സ്വാതന്ത്ര്യാനന്തരം പ്രതിരോധ രംഗത്ത് പുതിയ കാല സാങ്കേതിക വിദ്യയ്ക്ക് അനുയോജ്യമായി മുന്നേറാൻ സാധിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം തന്റെ സർക്കാർ പ്രതിരോധ രംഗത്ത് സുതാര്യത കൊണ്ടുവന്നതായി അദ്ദേഹം അവകാശപ്പെട്ടു. പ്രതിരോധ രംഗത്തെ ശക്തിപ്പെടുത്താൻ സ്വകാര്യ മേഖലയും സഹായിക്കുന്നുവെന്ന് പറഞ്ഞ മോദി ഇന്ത്യയുടെ പ്രതിരോധ സാങ്കേതിക വിദ്യകൾ നവീകരികേണ്ട സമയമാണിതെന്ന് ഓർമ്മപ്പെടുത്തി. രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെ പുതിയ ഏഴ് കമ്പനികൾ ശക്തിപ്പെടുത്തും. വികസനത്തിലും ഗവേഷണത്തിലുമാണ് കമ്പനികൾ ശ്രദ്ധ പതിപ്പിക്കുന്നത്. ആഗോള കമ്പനികളോട് മത്സരിക്കുക മാത്രമല്ല അവരെ മറികടക്കുകയും വേണമെന്ന് കമ്പനികളെ മോദി ഓർമ്മിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here