ന്യൂ ഡല്‍ഹി: രാജിക്കത്ത് പിന്‍വലിച്ചതായി പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു രാഹുല്‍ഗാന്ധിയെ അറിയിച്ചു. പിസിസി അധ്യക്ഷനായി തുടരും. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും ആശങ്കകള്‍ രാഹുല്‍ഗാന്ധിയോട് പങ്കു വെച്ചതായും സിദ്ദു ഡല്‍ഹിയില്‍ പറഞ്ഞു. സിദ്ദു ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ഹൈക്കമാന്‍ഡ് ഉറപ്പുനല്‍കിയതായി പഞ്ചാബിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തും വ്യക്തമാക്കി.

അതേസമയം, സംഘടനാ തെരഞ്ഞെടുപ്പിന് എതിരല്ലെന്ന് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. നാളെ ചേരുന്ന പ്രവര്‍ത്തകസമിതി ഇതിനുള്ള സമയക്രമം തീരുമാനിക്കുമെന്ന് ഉന്നതവൃത്തങ്ങള്‍ പറഞ്ഞു. പ്രധാന തീരുമാനങ്ങള്‍ക്ക് കോര്‍ഗ്രൂപ്പ് രൂപീകരിക്കണമെന്ന് വിമതര്‍ യോഗത്തില്‍ നിര്‍ദ്ദേശിക്കും.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പൂര്‍ണ്ണസമയ പ്രസിഡന്റ് വേണം എന്ന ആവശ്യം ഉയര്‍ത്താനാണ് വിമതഗ്രൂപ്പ് ഒരുങ്ങുന്നത്. സംഘടന തെരഞ്ഞെടുപ്പിലൂടെ ഇത് തീരുമാനിക്കാം എന്ന് എ ഐ സി സി യോഗത്തില്‍ നിര്‍ദ്ദേശിക്കും. തെരഞ്ഞെടുപ്പ് വൈകിക്കേണ്ട. അടുത്ത മാസം അംഗത്വം പുതുക്കല്‍ തുടങ്ങി അടുത്ത വര്‍ഷം ഓഗസ്റ്റോടെ പ്രവര്‍ത്തകസമിതി തെരഞ്ഞെടുപ്പ് നടക്കുന്ന രീതിയില്‍ സമ്മേളനങ്ങള്‍ നിശ്ചയിക്കാം എന്ന നിര്‍ദ്ദേശമാണ് നേതൃത്വത്തിനുള്ളത്. അതുവരെ സോണിയ ഗാന്ധി പ്രസിഡന്റായി തുടരട്ടെ എന്ന നിര്‍ദ്ദേശത്തെ വിമതരും എതിര്‍ക്കാനിടയില്ലെന്ന് നേതൃത്വം കരുതുന്നു.

എന്നാല്‍ സംഘടന തെരഞ്ഞെടുപ്പ് നീണ്ടാല്‍ പാര്‍ട്ടയിലെ തീരുമാനങ്ങള്‍ കൂട്ടായെടുക്കാന്‍ സംവിധാനം വേണം എന്ന് വിമതര്‍ നിര്‍ദ്ദേശിക്കും. കനയ്യ കുമാറിനെകൊണ്ടു വന്നത് പോലുള്ള തീരുമാനങ്ങള്‍ കോര്‍ഗ്രൂപ്പ് കൈക്കൊള്ളണം എന്നാണ് വിമതഗ്രൂപ്പിന്റെ ആവശ്യം. ഗുലാംനബി ആസാദ് പി ചിദംബരം തുടങ്ങിയവര്‍ കൂടി ഉള്‍പ്പെട്ട കോര്‍ഗ്രൂപ്പില്‍ തീരുമാനങ്ങള്‍ വരണം എന്നാണ് നിര്‍ദ്ദേശം.

ഇത് ആരും തന്നിഷ്ടപ്രകാരം എടുക്കേണ്ട തീരുമാനം അല്ലെന്നും വിമതര്‍ വാദിക്കുന്നു. എന്നാല്‍ സംസ്ഥാനഘടകങ്ങള്‍ക്ക് ഇതിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നാണ് നേതൃത്വത്തിന്റെ മറുവാദം. ഉത്തരാഖണ്ടില്‍ മുതിര്‍ന്ന ബി ജെ പി നേതാവാണ് പാര്‍ട്ടിയില്‍ വന്നത്. ഗുലാംനബി ആസാദ് പ്രവര്‍ത്തകസമിതി ആവശ്യപ്പെട്ട് കത്ത് നല്കിയപ്പോഴുള്ള സ്ഥിതി മാറിയതിന്റെ ആവേശത്തിലാണ് നേതൃത്വം. ലഖിംപുര്‍ ഖേരി കൂട്ടക്കൊലയ്ക്കു ശേഷം പഞ്ചാബില്‍ സ്ഥിതി മാറിയതും പ്രവര്‍ത്തകസമിതിയില്‍ നേതൃത്വത്തിന് മേല്‍ക്കൈ നല്കും.

വിമതഗ്രൂപ്പ് കാര്യമായ എതിര്‍പ്പുയര്‍ത്തിയാല്‍ തിരിച്ചടിക്കാനാണ് രാഹുലുമായി ചേര്‍ന്നു നില്ക്കുന്നവരും തയ്യാറെടുക്കുന്നത്. ബി ജെ പി ക്യാമ്പില്‍ നിന്നും കൂടുതല്‍ പേരെ പാര്‍ട്ടിയിലേക്ക് എത്തിക്കുന്നതിനുള്ള ചുമതലകള്‍ ഏറ്റെടുക്കണമെങ്കില്‍ ഒരു മുഴുവന്‍ സമയ അധ്യക്ഷന്‍ കോണ്‍ഗ്രസിന് ഉണ്ടാവണമെന്ന് വിമത നേതാക്കള്‍ ഉന്നയിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here