ന്യൂ ഡൽഹി: പഞ്ചാബ്  മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്  നാളെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചേക്കും. പഞ്ചാബ് ലോക് കോൺഗ്രസെന്നാകും പാർട്ടിയുടെ പേരെന്നാണ് സൂചന. ദീപാവലിക്ക് മുൻപ് പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് അമരീന്ദർ സിംഗ് വ്യക്തമാക്കിയിരുന്നു. നവംബറോടെ ബിജെപിയുമായി സഖ്യത്തിലേർപ്പെടാനാണ് നീക്കം.

പഞ്ചാബിൽ ബിജെപിയുമായി സഹകരിക്കാൻ അമരീന്ദർ സിംഗ് ഉപാധി വെച്ചിരുന്നു. കർഷക സമരം കേന്ദ്രം ഒത്തുതീർപ്പാക്കിയാൽ സഹകരിക്കുമെന്നായിരുന്നു അമരീന്ദർ സിംഗിൻറെ വാഗ്ദാനം. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നും അമരീന്ദർ സിംഗ് അറിയിക്കുകയായിരുന്നു. നവംബറോടെ കർഷക സമരത്തിന് പരിഹാരമാകുമെന്ന് കേന്ദ്ര സർക്കാരിന്റെ ഉറപ്പ് കിട്ടിയിട്ടുണ്ടെന്ന് അമരീന്ദറിൻറെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട അമരീന്ദർ കർഷകസമരം ഒത്തുതീർപ്പാക്കാൻ അദ്ദേഹവുമായി ചർച്ച നടത്തിയതായി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം എഐസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച അമരീന്ദർ സിംഗിനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് വൻ ശ്രമങ്ങളാണ് നടത്തിയിരുന്നത്. ഇരുപത് എംഎൽഎമാരുടെ പിന്തുണയാണ് അമരീന്ദർ സിംഗ് അവകാശപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here