ന്യൂ ഡൽഹി: പെഗാസസ് ചോർച്ച വിദഗ്ദ്ധസമിതി അന്വേഷിക്കുന്നതിന് സുപ്രിംകോടതി  ഉത്തരവിട്ടു. ആവശ്യമായ വിവരങ്ങൾ നൽകാത്തതിൽ അടക്കം കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷവിമർശനവുമായി പെഗാസസ് കേസിലെ ഇടക്കാല ഉത്തരവിൽ സുപ്രീം കോടതി നടത്തിയത്. ദേശ സുരക്ഷയുടെ പേര് പറഞ്ഞ് എല്ലാ കാര്യങ്ങളിൽനിന്നും കേന്ദ്രത്തിന് ഒഴിയാനാവില്ലെന്ന് കോടതി തുറന്നടിച്ചു. പൗരന്മാരുടെ മേലുള്ള എല്ലാ നിയന്ത്രണങ്ങളും ഭരണഘടനാപരമായിരിക്കണമെന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തി.

പെഗാസെസ് ചാരസോഫ്റ്റ് വെയർ അന്വേഷിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കാമെന്ന നിർദേശം തള്ളി പരമോന്നത കോടതിയുടെ മേൽനോട്ടത്തിൽ സമിതിയെ വച്ചതോടെ ശക്തമായ സന്ദേശമാണ് കേന്ദ്രസർക്കാരിന് സുപ്രീംകോടതി നൽകിയത്. ഫോണുകൾ ചോർത്തിയോ ഇല്ലയോ എന്ന ചോദ്യത്തിന് മറുപടി നൽകാതെ ദേശ സുരക്ഷയെ മുൻ നിർത്തി വിവരങ്ങൾ നൽകാനാവില്ലെന്ന നിലപാട് സുപ്രിംകോടതി ആവർത്തിച്ചു.  

വിവരങ്ങൾ നൽകാൻ പല കുറി സമയം നൽകി. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ പരിമിതമായ വിവരങ്ങളുള്ള സത്യവാങ്മൂലമാണ് നൽകിയത്. വിവരങ്ങൾ കൃത്യമായി അറിയിച്ചിരുന്നെങ്കിൽ തങ്ങളുടെ ബാധ്യത കുറഞ്ഞേനെയെന്ന് കോടതി പറഞ്ഞു. സ്വകാര്യതക്കുള്ള അവകാശം ഹനിക്കപ്പെടുന്ന കാര്യമാണ് നടന്നിരിക്കുന്നത്. നിയമത്തിൻറെ പിൻബലമില്ലാതെ സ്വകാര്യതയിലേക്ക് കടന്നു കയറരുത്. ജനാധിപത്യ സമൂഹത്തിൽ സ്വകാര്യതയെ കുറിച്ച് പൗരന്മാർക്ക് ഇപ്പോൾ ആശങ്കയുണ്ട്. പൗരന്മാരെ ബാധിക്കുന്ന വിഷയത്തെ ഗൗരവത്തോടെ കാണാൻ കേന്ദ്രത്തിനായില്ലെന്നും കോടതി കുറ്റപ്പെടുത്തി.കോടതിയെ വെറും കാഴ്ചക്കാരാക്കരുതെന്നും ഭരണഘടനാനുസൃതമായി വേണം കാര്യങ്ങൾനടപ്പാക്കാനെന്നും കോടതി ഓർമ്മിപ്പിച്ചു.

സമിതി നിലവിൽ വന്നതോടെ പെഗാസെസ് ഉപയോഗിച്ചോ ഇല്ലയോ എന്നതിൽ കേന്ദ്രത്തിന് കൃത്യമായ മറുപടി നൽകേണ്ടി വരും. ഫോണുകൾ ചോർത്തപ്പെട്ടെങ്കിൽ എന്തിന് എന്ന ചോദ്യവും നിർണ്ണായകമാകും.കെട്ടി ചമച്ച ആരോപണം എന്ന ന്യായീകരണം ഉന്നയിച്ച് ചോദ്യങ്ങളിൽ നിന്ന് ഓടിയൊളിച്ച സർക്കാരിനോട് അന്വേഷണവുമായി സഹകരിക്കണമെന്ന നിർദ്ദേശവും കോടതി നൽകിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here