മുംബയ്: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി ഉയർന്നു. 2015 മുതൽ ഈ സ്ഥാനം നിലനിർത്തിയിരുന്നത് മുകേഷ് അംബാനിയാണ്.

 

കൽക്കരി ഖനനം, വൈദ്യുതി, തുറമുഖങ്ങൾ എന്നിവയാൽ തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത അദാനി, ഡാറ്റാ സെന്ററുകളിലേക്കും എയർപോർട്ട് മാനേജ്മെന്റിലേക്കും അത് വ്യാപിപ്പിച്ചു. ബ്ലൂംബെർഗ് ബില്യണയർ ഇൻഡക്‌സ് പ്രകാരം ചൊവ്വാഴ്ച (നവംബർ 23) അദാനിയുടെ സമ്പത്ത് 88.8 ബില്യൺ ഡോളറായിരുന്നു. മറുവശത്ത്, അംബാനിയുടെ ആസ്‌തി 91 ബില്യൺ ഡോളറും. എന്നാൽ ബുധനാഴ്ച (നവംബർ 24), റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികൾ 1.77% ഇടിഞ്ഞപ്പോൾ അദാനിയുടെ ഓഹരികൾ 2.34% കുതിച്ചു.

 

2020 മാർച്ചിൽ അദാനിയുടെ ആസ്തി 4.91 ബില്യൺ ഡോളറായിരുന്നു. 20 മാസങ്ങൾക്കുള്ളിൽ ഇത് 83.89 ബില്യൺ ഡോളറിലെത്തി. അതായത് 1808 ശതമാനത്തിലധികം വർദ്ധനവ്. ഇക്കാലയളവിൽ മുകേഷ് അംബാനിയുടെ ആസ്തി 250 ശതമാനം വർദ്ധിച്ചു. 2021-ൽ അദാനിയുടെ ആസ്തിയിൽ 50 ബില്യൺ ഡോളറിലധികം വർദ്ധനയുണ്ടായപ്പോൾ അംബാനിയുടെ ആസ്തി 21.8 ബില്യൺ ഡോളറായി ഉയർന്നു.

 

കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദാനിയുടെ സമ്പത്ത് പലമടങ്ങ് വർദ്ധിച്ചു. റിന്യൂവബിൾ എനർജി കമ്പനിയായ അദാനി ഗ്രീനിന്റെ ഇന്ത്യൻ ഓഹരി വിപണിയിലെ മിന്നും പ്രകടനമായിരുന്നു ഇതിന്റെ പ്രധാന കാരണം.

 

റിലയൻസ്-അരാംകോ കരാർ റദ്ദാക്കിയതിന് ശേഷമാണ് അംബാനിയുടെ സ്വത്തിൽ ഇടിവ് രേഖപ്പെടുത്തിയത്. ബിസിനസിൽ 20 ശതമാനം നിക്ഷേപം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന അരാംകോ നിർദ്ദിഷ്ട നിക്ഷേപം വീണ്ടും വിലയിരുത്താൻ തീരുമാനിച്ചതിനാൽ ലയനം റദ്ദാക്കുന്നതായി റിലയൻസ് ഇൻഡസ്‌ട്രീസ് ലിമിറ്റഡ് പ്രഖ്യാപിക്കുകയായിരുന്നു.

 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇഷ്ടക്കാരനായി അറിയപ്പെടുന്ന ഗൗതം അദാനിക്ക് ഏതാനും വർഷങ്ങളായി മികച്ച വളർച്ചയാണ് വിപണിയിൽ നേടിയെടുക്കാനായിട്ടുള്ളത്. 2013ൽ ഇന്ത്യയിലെ അതിസമ്പന്നപ്പട്ടികയിൽ 23ാമതായിരുന്നു അദാനി. മോദി അധികാരത്തിലേറിയതിനു ശേഷം ‘കുബേര കടാക്ഷം’ വേണ്ടുവോളം ലഭിക്കുകയായിരുന്നു അദാനി ഗ്രൂപ്പിന്.

LEAVE A REPLY

Please enter your comment!
Please enter your name here