ന്യൂ ഡൽഹി: കൂട്ടത്തോൽവിയിൽ ഒടുവിൽ പഞ്ചാബ് പിസിസി  അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിൻറെയും കസേര തെറിച്ചു. സോണിയ ഗാന്ധിയുടെ നിർദ്ദേശ പ്രകാരം രാജി വച്ചതായി സിദ്ദു അറിയിച്ചു. 2017 ൽ ബി ജെ പിയിൽ നിന്ന് കോൺഗ്രസിലെത്തിയ സിദ്ദു അമരീന്ദർ സിംഗിനെതിരായ ഹൈക്കമാൻറ് നീക്കത്തിൽ പാർട്ടിയുടെ ആയുധമായിരുന്നു. ക്യാപ്റ്റൻ വിലക്കിയിട്ടും സിദ്ദുവിനെ തന്നെ പാർട്ടി അധ്യക്ഷനാക്കി രാഹുലും പ്രിയങ്കയും അദ്ദേഹത്തെ വെല്ലുവിളിച്ചു. അമരീന്ദർ സിംഗ് കോൺഗ്രസിൻറെ പടിയിറങ്ങിയപ്പോൾ ഛന്നിയിലേക്ക് പാർട്ടി തിരിഞ്ഞതോടെ പിസിസി അധ്യക്ഷ സ്ഥാനം വലിച്ചെറിഞ്ഞു. തെരഞ്ഞെടുപ്പ് കാലത്തുണ്ടാകാവുന്ന തിരിച്ചടി ഭയന്ന് ഹൈക്കമാൻറ് കാല് പിടിച്ച് സിദ്ദുവിനെ വീണ്ടും അധ്യക്ഷനാക്കി.

കോൺഗ്രസിനെ തൂത്തെറിഞ്ഞ്  ആം ആദ്മി പാർട്ടി പഞ്ചാബ് പിടിച്ചപ്പോൾ ജനം മികച്ച തീരുമാനമെടുത്തെന്ന പ്രതികരണത്തിലൂടെ വീണ്ടും പാർട്ടിയെ വെട്ടിലാക്കി. ഒടുവിൽ സോണിയാ ഗാന്ധിയുടെ നിർദ്ദേശത്തോടെ മറ്റ് നാല് പിസിസി അധ്യക്ഷന്മാർക്കൊപ്പം സിദ്ദുവും പുറത്തേക്ക്. പിസിസി അധ്യക്ഷന്മാരുടെ മാത്രം രാജി ആവശ്യപ്പെട്ടതിൽ പാർട്ടിയൽ മുറുമുറുപ്പുണ്ട്. അഞ്ച് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർക്കും തോൽവിയിൽ പങ്കുണ്ടെന്നും അങ്ങനെയെങ്കിൽ പ്രിയങ്ക ഗാന്ധിയുടേതടക്കം രാജി ആവശ്യപ്പെടാത്തതെന്തെന്നുമാണ് ഒരു വിഭാഗം ചോദിക്കുന്നത്.

നിർണ്ണായക നീക്കവുമായി ഗ്രൂപ്പ് 23 നീങ്ങുന്നതിനിടെയാണ് അടിയന്തര നടപടികളിലേക്ക് നേതൃത്വം കടന്നത്. ഗ്രൂപ്പ് 23 വിളിച്ച  യോഗത്തിൽ പങ്കെടുക്കാൻ പി ജെ കുര്യൻ ഡൽഹിയിലെത്തി. പുനസംഘടന വരെ ഗാന്ധി കുടംബം എന്ന അനുനയ ഫോർമുല ഗ്രൂപ്പ് 23 അനുസരിക്കും. പിന്നീട് നേതൃമാറ്റം വേണമെന്ന കടുത്ത നിലപാടിലാണ്. നേതൃത്വത്തിനെതിരായ നീക്കത്തിന് സംസ്ഥാനങ്ങളിൽ പിന്തുണയേറുന്നുവെന്ന സന്ദേശം നൽകി നേതൃത്വത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കാനാണ് നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here