കൊച്ചി:രാജ്യംകണ്ട ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ)യ്ക്കുശേഷം എൽഐസി ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ എത്തിയപ്പോൾ തുടക്കത്തിൽത്തന്നെ നഷ്ടം. ആറ് ദിവസത്തെ തുടർച്ചയായ തകർച്ചയ്ക്കുശേഷം നേട്ടത്തിൽ നിൽക്കുന്ന വിപണിയിലേക്കാണ് എൽഐസി ഓഹരി ലിസ്റ്റ് ചെയ്ത്. ഓഹരി സൂചികകളായ ബിഎസ്ഇ സെൻസെക്സ് 1345 പോയിന്റും എൻഎസ്ഇ നിഫ്റ്റി 417 പോയിന്റും നേട്ടമുണ്ടാക്കിയെങ്കിലും ഈ മുന്നേറ്റം എൽഐസി ഓഹരിക്ക്‌ ​ഗുണം ചെയ്തില്ല.

എൽഐസി ഓഹരി 8.62 ശതമാനം കിഴിവിൽ 867.2 നിലവാരത്തിലാണ് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തത്. ഓഹരി ഒന്നിന് അലോട്ട്മെന്റ്‌ തുകയായ 949 രൂപയിൽനിന്ന്‌ 81.8 രൂപയാണ് നഷ്ടമായത്. എൻഎസ്ഇയിൽ 8.11 ശതമാനം കിഴിവിൽ 872 രൂപയിലാണ് വിൽപനയ്ക്ക് വച്ചത്. ഇഷ്യൂ വിലയേക്കാൾ താഴ്ന്ന് ലിസ്റ്റ് ചെയ്തതിനാൽ നിക്ഷേപകർക്ക് ആസ്തിമൂല്യത്തിൽ 42,500 കോടി രൂപയുടെ നഷ്ടമുണ്ടായി. പ്രാഥമിക ഓഹരി വിൽപ്പനവേളയിൽ എൽഐസിക്ക്‌ കണക്കാക്കിയിരുന്ന ആറുലക്ഷം കോടി രൂപ എന്ന വിപണിമൂല്യം 5.57 ലക്ഷം കോടിയായി ചുരുങ്ങി.

ആറ് ദിവസം നീണ്ട ഐപിഒയിൽ എല്ലാ വിഭാ​ഗങ്ങളിലും മികച്ച പ്രതികരണമായിരുന്നെങ്കിലും നഷ്ടത്തിലായിരിക്കും ലിസ്റ്റിങ് എന്ന് വിപണി പ്രതീക്ഷിച്ചിരുന്നു. ദിനവ്യാപാരവേളയിൽ 903 നിലവാരത്തിലേക്ക് വില കയറിയെങ്കിലും പിന്നീട് നഷ്ടത്തിലേക്ക് വീണു. ഒടുവിൽ ബിഎസ്ഇയിൽ 7.77 ശതമാനം താഴ്ന്ന് 875.25 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here