മുംബൈ : മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിക്കുന്നത് വൈകില്ലെന്ന സൂചന നല്കി പാർട്ടി കേന്ദ്രനേതൃത്വം. തല്ക്കാലം വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെടേണ്ടതില്ലെന്നാണ് ബിജെപി തീരുമാനം. കോൺഗ്രസ്- എൻസിപി സഖ്യം വിടുന്നതും ആലോചിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞെങ്കിലും കരുതലോടെ മുന്നോട്ടു പോകാൻ തന്നെയാണ് ഇപ്പോഴും ബിജെപി തീരുമാനം. ശിവസേനയിലെ പിളർപ്പിന് പിന്നിൽ ബിജെപിയാണെന്ന ആരോപണം തള്ളുന്നതല്ലാതെ നേരിട്ടുള്ള ഇടപെടൽ ബിജെപി ഇതുവരെയും നടത്തിയിട്ടില്ല. ഏക്‌നാഥ് ഷിൻഡെയുടെ കൂടെ നിൽക്കുന്ന എം എൽ എമാർ നിലപാടു മാറ്റുമോ എന്ന് പറയാറായിട്ടില്ലെന്നും ബി ജെ പി കരുതുന്നു.
എല്ലാ എം എൽ എമാരുടെയും അഭിപ്രായം മഹാസഖ്യം വിടാനാണെങ്കിൽ അത് പരിഗണിക്കാമെന്നും അതാഗ്രഹിക്കുന്നവർ മുംബൈയിലെത്തി നേരിട്ട് നേതാക്കളുമായി ചർച്ച നടത്തണമെന്നാണ് സഞ്ജയ് റാവത്ത് മുന്നോട്ട് വെക്കുന്ന നിർദ്ദേശം. റിസോട്ടിലേക്ക് മാറിയ വിമത എം എൽ എമാർ 24 മണിക്കൂറിനകം നേരിട്ടെത്തണമെന്നും റാവത്ത് ആവശ്യപ്പെടുന്നു. മഹാസഖ്യം വിടാമെന്ന ശിവസേനയുടെ ഇപ്പോഴത്തെ പ്രസ്താവന പാർട്ടി പിടിച്ചു നിറുത്താനുള്ള തന്ത്രം മാത്രമാണെന്നാണ് ബി ജെ പി വൃത്തങ്ങളുടെ വിലയിരുത്തൽ.
കാര്യങ്ങൾ മെല്ലെ ബിജെപി പക്ഷത്തേക്ക് വരുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. ഒന്നുകിൽ ശിവസേന എംഎൽഎമാർ ബിജെപിയിൽ ചേർന്ന് കൂറുമാറ്റ നിയമം മറികടക്കും. അല്ലെങ്കിൽ ഉദ്ധവ് താക്കറെ ഇപ്പോഴത്തെ സഖ്യം വിടാൻ നിർബന്ധിതനാകും. രണ്ടായാലും ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയും ഏക്‌നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയും ആകാനുള്ള സാഹചര്യം ഉരുത്തിരിയുമെന്നാണ് ബിജെപി പാർട്ടി നേതൃത്വം കരുതുന്നത്. സഞ്ജയ് റൗത്ത് അഘാടി സംഖ്യം വിടുന്നത് ആലോചിക്കുമെന്ന് പറഞ്ഞെങ്കിലും സഖ്യം വിടില്ലെന്നാണ് ഉദ്ധവ് താക്കറെ എൻസിപിയേയും കോൺഗ്രസിനേയും അറിയിച്ചത്. രണ്ടു പാർട്ടികളും സ്ഥിതി നിരീക്ഷിക്കുകയാണ്. വിശ്വാസവോട്ടെടുപ്പ് ഇപ്പോൾ ആവശ്യപ്പെടേണ്ടെന്ന് ബി ജെ പി തീരുമാനിച്ച സാഹചര്യത്തിൽ നാടകം ഇനിയും നീളാനാണ് സാധ്യത.
Now we are available on both Android and Ios.