അബൂദബി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇയിലെത്തി. അബൂദബി വിമാനത്താവളത്തിൽ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ജർമനിയിൽ നടന്ന ജി 7 ഉച്ചകോടിക്ക് ശേഷമാണ് മോദി യു.എ.ഇയിൽ എത്തിയത്.

യു.എ.ഇ പ്രസിഡന്‍റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്‍റെ വിയോഗത്തിൽ അനുശോചനം അർപ്പിക്കുന്നതിനൊപ്പം പുതിയ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ അഭിനന്ദിക്കുകയും ചെയ്യും. ഇന്ന് രാത്രി തന്നെ ഇന്ത്യയിലേക്ക് മടങ്ങും. പൊതു പരിപാടികളിലൊന്നും പങ്കെടുക്കില്ല.

ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണ കരാർ യാഥാർഥ്യമായ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനം പ്രതീക്ഷയോടെയാണ് പ്രവാസലോകം കാണുന്നത്. നാലാം തവണയാണ് മോദി യു.എ.ഇ സന്ദർശിക്കുന്നത്. 2015, 2018, 2019 വർഷങ്ങളിലും അദ്ദേഹം എത്തിയിരുന്നു. ജനുവരിയിൽ ദുബൈ എക്സ്പോ സന്ദർശിക്കാനും സെപ കരാറിൽ ഒപ്പുവെക്കാനും പ്രധാനമന്ത്രി യു.എ.ഇയിൽ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

എന്നാൽ, ഒമിക്രോൺ വകഭേതം വ്യാപകമായതിനെ തുടർന്ന് യാത്ര മാറ്റിവെക്കുകയായിരുന്നു. ഇതേതുടർന്ന് വെർച്വലായാണ് ഒപ്പുവെക്കൽ ചടങ്ങ് നടന്നത്. 2019ൽ യു.എ.ഇ സന്ദർശിച്ചപ്പോൾ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് നൽകി ആദരിച്ചിരുന്നു. പുതിയ പ്രസിഡന്‍റ് ചുമതലയേറ്റ ശേഷം നടത്തുന്ന ആദ്യ സന്ദർശനമാണിത്. ഇന്ത്യയുമായി ഏറെ അടുപ്പം പുലർത്തുന്ന ശൈഖ് മുഹമ്മദ് ബിൻ സായിദ് 2016ലും 2017ലും ഇന്ത്യയിൽ എത്തിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here