ദില്ലി: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. അന്തിമ വിധി വരുന്നതുവരെ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി അറിയിച്ചു. 27ന് കേസ് വീണ്ടും പരിഗണിക്കും. 26 നകം വിധി പകര്‍പ്പ് എല്ലാ കക്ഷികള്‍ക്കും നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ വിധി.

രാവിലെ 10.30ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തക്കി ഹര്‍ജി ചീഫ് ജസ്റ്റിസ് മുമ്പാകെ സമര്‍പിക്കും. ഹരീഷ് റാവത്തിനെ മുഖ്യമന്ത്രി സ്ഥാനത്തു പുന:സ്ഥാപിച്ചു കൊണ്ടുള്ള വിധി ഹൈക്കോടതിയുടെ നിയമപരമായ അധികാരങ്ങള്‍ മറന്നു കൊണ്ടാണെന്നാണ് കേന്ദ്രത്തിന്റെ വാദം.

ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നു അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ വാദം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഹരീഷ് റാവത്ത് തടസ്സ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഹരീഷ് റാവത്ത് സര്‍ക്കാരിന് തുടരാമെന്ന് ഇന്നലെയാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.

ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം തുടര്‍ന്നാല്‍ കേന്ദ്രം എല്ലാ സംസ്ഥാനങ്ങളിലും ഇതിന് ശ്രമിക്കുമെന്നും 15 ദിവസത്തിനകം സര്‍ക്കാരുകളെ മാറ്റാനാകും ഇത് വഴിയൊരുക്കുകയെന്നും ഹൈക്കോടതി കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സമീപനം വേദനാജനകമെന്നും ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി.

ഒമ്പത് വിമത എംഎല്‍എമാര്‍ കൂറുമാറിയതിനെ തുടര്‍ന്നാണ് ഉത്തരാഖണ്ഡില്‍ ഭരണ പ്രതിസന്ധിയുണ്ടായത്. രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് കൊണ്ടുവരണമെന്ന് ഒരുമാസം മുമ്പാണ് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here