ദില്ലി: ഹൃദയം ഉരുകുന്ന വേദനയിലും സ്വന്തം മക്കളുടെ മൃതദേഹം അടക്കം ചെയ്യാതെ പ്രതിഷേധവുമായി മണിപ്പൂരിലെ നാല് അമ്മമാര്‍. ഒന്നും രണ്ടുമല്ല നീണ്ട 239 ദിവസങ്ങളായിട്ടുള്ള കാത്തിരിപ്പാണിത്. ഒടുവില്‍ നീതിതേടി ഈ അമ്മമാര്‍ ദില്ലിയിലെ അധികാരകേന്ദ്രങ്ങളുടെ വാതിലുകള്‍ മുട്ടാന്‍ വണ്ടികയറി എത്തിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് ബില്ലുകളാണ് ആദിവാസി മേഖലയില്‍ നിന്നുള്ള ഇവരുടെ പ്രതിഷേധത്തിന് കാരണം. കഴിഞ്ഞ എട്ട്മാസമായി ഈ പ്രദേശത്ത് പ്രതിഷേധം തുടരുകയാണ്.

സംസ്ഥാനത്ത് നടന്ന പോലീസ് വെടിവെപ്പിലാണ് 11 വയസ്സുകാരന്‍ ഉള്‍പ്പെട ഒമ്പത് പേര്‍ കൊല്ലപ്പട്ടത്. മണിപ്പൂരിലെ ചുരാന്ദ്പൂര്‍ ജില്ലയിലായിരുന്നു സംഭവം. സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ പാസ്സാക്കിയ മൂന്ന് ബില്ലുകള്‍ക്കെതിരായ പ്രതിഷേധമാണ് പോലീസ് വെടിവെപ്പിലേക്ക് നയിച്ചത്. ആദിവാസി ജനതയുടെ അവകാശങ്ങള്‍ ഹനിക്കുന്നവയാണ് ബില്ലുകളെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജനങ്ങളുടെ പ്രതിഷേധം. ചുരാന്ദ്പൂരിലുള്ള ഒരു മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹങ്ങള്‍. 20 നും 30 നും ഇടയില്‍ പ്രായമുള്ളവരാണ് ബാക്കി എട്ടുപേര്‍.

ഇതിനൊരു പരിഹാരം തേടി ഈ അമ്മമാര്‍ കഴിഞ്ഞ നാലുദിവസമായി ദില്ലിയിലുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരുടെ വാതിലുകള്‍ മുട്ടി നീതി തേടുകയാണിവര്‍. ആദിവാസി ജനവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്ന ബില്ലുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നതാണ് ഈ അമ്മമാര്‍ ഉന്നയിക്കുന്ന ആവശ്യം. 2015 ഓഗസ്റ്റില്‍ പാസ്സാക്കിയ ബില്ലുകള്‍ പിന്‍വലിക്കുമെന്ന ഉറപ്പ് ലഭിക്കാതെ മക്കളുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്യില്ലെന്ന കര്‍ശന നിലപാടിലാണ് ഇവര്‍.

കഴിഞ്ഞ സെപ്തംബറില്‍ പ്രൊട്ടക്ഷന്‍ ഓഫ് മണിപ്പൂര്‍ പീപ്പിള്‍ ബില്‍, മണിപ്പൂര്‍ ലാന്‍ഡ് റവന്യൂ ആന്റ് ലാന്‍ഡ് റിഫോംസ് ബില്‍, മണിപ്പൂര്‍ ഷോപ്പ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ എന്നിവ നിയമസഭയില്‍ പാസ്സായതോടെയാണ് പ്രക്ഷേഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇതുവരെ നിയമമായിട്ടില്ലെങ്കിലും ഇത് തങ്ങളുടെ ഭൂമിയിലുള്ള അവകാശം ഇല്ലാതാക്കുമെന്ന് ആദിവാസി മേഖലയിലുള്ളവര്‍ ആരോപിക്കുന്നു.

10 മുതല്‍ 20 രൂപവരെ  പിരിച്ചെടുത്താണ് തങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം പ്രതീക്ഷിച്ച് ഈ അമ്മമാര്‍ ദില്ലിയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതലാണ് തങ്ങള്‍ പിരിവ് തുടങ്ങിയതെന്നും ഏപ്രില്‍ മാസത്തോടെ ഒന്നര ലക്ഷത്തോളം ലഭിച്ചെന്നും ബുവോണോസമാവി പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായതിനാല്‍ സോണിയാഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷ പകരുന്നതാണെന്ന് ഇവര്‍ പറയുന്നു.

പ്രശ്‌നങ്ങള്‍ സോണിയ സാവധാനം കേട്ടെന്നും മുഖ്യമന്ത്രിയുമായി സംസാരിക്കാമെന്ന് ഉറപ്പുനല്‍കിയതായും ഇവര്‍ പറഞ്ഞു. പോരാട്ടത്തിലൂടെ നഷ്ടപ്പെട്ട ജീവന്‍, പോരാട്ടം വിജയിക്കാതെ അടക്കം ചെയ്യില്ലെന്ന ദൃഢനിശ്ചയത്തിലാണ് നാല് അമ്മമാരും.

LEAVE A REPLY

Please enter your comment!
Please enter your name here