ന്യൂഡല്‍ഹി: ജീവശാസ്ത്രപരമായ പ്രത്യേകതകള്‍ പറഞ്ഞ് വിവേചനത്തെ ന്യായീകരിക്കരുതെന്നും ആര്‍ത്തവമാണോ സ്ത്രീ ശുദ്ധിയുടെ മാനദണ്ഡമെന്നും സുപ്രീം കോടതി. 

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. പുരുഷന്മാരുടെ വ്രതശുദ്ധി എങ്ങനെയാണ് കണക്കാക്കുന്നതെന്ന് ചോദിച്ച കോടതി ലിംഗ വിവേചനം ഇല്ലെങ്കില്‍ മാത്രമെ ആചാരങ്ങള്‍ അംഗീകരിക്കാനാകൂ എന്നും വ്യക്തമാക്കി. 

വ്രതം എടുക്കാത്ത പുരുഷന്മാര്‍ക്ക് പതിനെട്ടാം പടിക്ക് പകരം മറ്റൊരു വഴിയിലൂടെ സന്നിധാനത്തെത്താന്‍ അനുമതി നല്‍കുന്നതു പോലെ സ്ത്രീകളേയും പ്രവേശിപ്പിച്ചുകൂടെയെന്നും ചോദിച്ചു. 

ഇത്തരത്തിലുള്ള വിവേചനം ഹിന്ദു മതത്തില്‍ മാത്രമല്ലെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ വാദം. ചില ക്രിസ്ത്യന്‍, മുസ്ലീം ദേവാലയങ്ങളിലും സ്ത്രീകള്‍ക്ക് നിയന്ത്രണങ്ങളുണ്ട്. ഈ നിയന്ത്രണങ്ങള്‍ ഭരണഘടന അനുവദിച്ചതാണ്.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടില്ല. 10 മുതല്‍ 50 വയസുവരെ പ്രായമുള്ള സ്ത്രീകള്‍ക്ക് മാത്രമാണ് നിയന്ത്രണം. മറ്റ് ആയിരക്കണക്കണിന് അയ്യപ്പ ക്ഷേത്രങ്ങളില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടി. 

ശബരിമലയിലേക്ക് വരുമ്പോള്‍ സ്ത്രീകളെ വന്യമൃഗങ്ങള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന ദേവസ്വം ബോര്‍ഡ് അഭിഭാഷകന്റെ വാദത്തിന് അത്തരത്തില്‍ വന്യമൃഗങ്ങള്‍ ആക്രമിക്കുകയാണെങ്കില്‍ ആക്രമിക്കട്ടെ അവര്‍ ആരാധനയ്ക്കായി വരുന്നതല്ലേ എന്നായിരുന്നു കോടതിയുടെ പരിഹാസം.

LEAVE A REPLY

Please enter your comment!
Please enter your name here