
പുതുക്കിയ മാർഗരേഖയിൽ ഇതു വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് എൻഎംസി
ന്യൂഡൽഹി ∙ സ്വകാര്യ റജിസ്ട്രേഷനിൽ 12–ാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർഥിക്കു നീറ്റ് കൗൺസലിങ്ങിലൂടെ എംബിബിഎസ് കോഴ്സിൽ പ്രവേശനം നേടാൻ സുപ്രീം കോടതി അനുമതി നൽകി. മെഡിക്കൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പുതിയ മാർഗരേഖയിൽ ഇതു വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നു ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണു സുപ്രീം കോടതി ജഡ്ജിമാരായ പി.എസ്.നരസിംഹ, സുധാൻഷു ധുലിയ എന്നിവരുടെ ബെഞ്ച് ഹർജി തീർപ്പാക്കിയത്. 2019–20 ൽ 11–ാം ക്ലാസിൽ പ്രവേശനം നേടിയ മധ്യപ്രദേശ് സ്വദേശിനിയായ സൃഷ്ടി നായക്കാണു സുപ്രീം കോടതിയെ സമീപിച്ചത്. ഈ വർഷം നീറ്റ് യുജി പരീക്ഷയെഴുതിയ വിദ്യാർഥി സംവരണ വിഭാഗത്തിൽ വിജയം നേടി. 12 ൽ സ്വകാര്യ റജിസ്ട്രേഷനിലൂടെ പഠനം പൂർത്തിയാക്കിയവരോടു 11–ാം ക്ലാസ് സർട്ടിഫിക്കറ്റിന്റെ മാർക്കും അപ്‌ലോഡ് ചെയ്യണമെന്ന നിർദേശം മധ്യപ്രദേശ് മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ നൽകിയിരുന്നു. എന്നാൽ, ഹർജിക്കാരി ആദ്യം പ്രവേശനം നേടിയ സ്കൂൾ 11–ാം ക്ലാസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കിയില്ല. പ്രവേശനം അനുവദിക്കാൻ നിർദേശം നൽകണമെന്നു കാട്ടിയാണു വിദ്യാർഥിനി കോടതിയിലെത്തിയത്. മുൻപു നിലവിലുണ്ടായിരുന്ന മാർഗരേഖയിൽ റഗുലർ വിദ്യാർഥികൾക്കു മാത്രമേ നീറ്റ് എഴുതാൻ സാധിക്കൂ എന്നായിരുന്നു വ്യവസ്ഥ. എന്നാൽ, ഈ വർഷം പ്രസിദ്ധീകരിച്ച പുതുക്കിയ മാനദണ്ഡത്തിൽ ഇതൊഴിവാക്കി. 11–ാം ക്ലാസ് വിജയിച്ചെന്നു വ്യക്തമാക്കുന്ന സ്കൂൾ സർട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താലാണ് അഡ്മിഷൻ നിഷേധിച്ചതെന്നു കോടതി നിരീക്ഷിച്ചു. സീറ്റ് മറ്റൊരാൾക്ക് അലോട്ട് ചെയ്തതു റദ്ദാക്കിയ കോടതി, ഹർജിക്കാരിക്ക് പ്രവേശനം നൽകാൻ സംസ്ഥാന സർക്കാരിനു നിർദേശം നൽകി.