
തങ്ങള്‍ക്ക് സ്വയംഭരണാധികാരം ആവശ്യമാണെന്ന വലിയ സന്ദേശം ആഗോള ദക്ഷിണ രാജ്യങ്ങളുടെ രണ്ട് സമ്മേളനങ്ങള്‍ ലോകത്തിന് നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോളഭരണനിര്‍വഹണത്തില്‍ തങ്ങളുടെ ശബ്ദം കേള്‍ക്കപ്പെടണമെന്ന സന്ദേശവും ഈ സമ്മേളനങ്ങള്‍ നല്‍കിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ആഗോളദക്ഷിണ രാജ്യങ്ങള്‍ ആഗോളപ്രശ്‌നങ്ങളില്‍ വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യറാണെന്നും വ്യക്തമാക്കി. ജി20 പോലെ പ്രധാനപ്പെട്ട വേദിയില്‍ ഈ രാജ്യങ്ങളുടെ ശബ്ദം അജന്‍ഡയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതില്‍ ഇന്ത്യക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഇത് നിങ്ങളുടെ ഉറച്ച പിന്തുണകൊണ്ടും ഇന്ത്യയിലുള്ള വിശ്വാസത്താലുമാണ് സാധിച്ചത്. ഇക്കാര്യത്തില്‍ എനിക്ക് നിങ്ങളോട് കടപ്പാടുണ്ട്. ജി20 ഉച്ചകോടിയില്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ വരാനിരിക്കുന്ന വേദികളിലും പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’, വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയുടെ സമാപന നേതൃസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മാസം, 60 ടണ്‍ മരുന്നുകളും മറ്റ് സഹായങ്ങളും ഇന്ത്യ പലസ്തീന് കൈമാറി. ഭൂകമ്പം നടന്ന നേപ്പാളിന് ഭാരതം മൂന്നു ടണ്ണിലേറെ മരുന്നുകള്‍ എത്തിച്ചു. ഭാരതത്തിന്റെ ഡിജിറ്റല്‍ ആരോഗ്യസേവനങ്ങള്‍ ആഗോളദക്ഷിണ രാജ്യങ്ങളുമായി പങ്കിടുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.