കൊച്ചി: കോടീശ്വര പുത്രനായ ദ്രാവ്യ കൊച്ചിയിലെത്തിയത് അമേരിക്കയിലെ ബിരുദ പഠനത്തിനിടയ്ക്ക് വീണു കിട്ടിയ ഇടവേളകള്‍ ആഘോഷിച്ചു തീര്‍ക്കാനല്ല, പകരം ജീവിതം കഠിനാധ്വാനം കൊണ്ട് പുഷ്ഠിപ്പെടുത്തുന്നവരെ കണ്ട് ജീവിത പാഠങ്ങള്‍ സ്വായത്തമാക്കാനാണ്.വായില്‍ സ്വര്‍ണ്ണ കരണ്ടിയെന്നോണം കോടീശ്വരനായ പിതാവിനുണ്ടായ ഈ 21കാരന്‍ ബേക്കറികടകളിലെത്തിയത് ദൈവത്തിന്റെ സ്വന്തം നാട്ടിലെ വ്യത്യസ്തമായ മധുരം നുണയാനല്ല, സ്വന്തം അധ്വാനത്തിന്റെ രുചിയില്‍ ജീവിതം തള്ളി നീക്കുന്നവരോടൊപ്പം ജോലി ചെയ്ത് ജീവിതാനുഭവങ്ങളുടെ പുതിയ രുചികള്‍ തേടിയാണ്.

അനുഭവങ്ങളിലൂടെ ജീവിതം പഠിക്കാന്‍ വെറും മൂന്നു ജോഡി വസ്ത്രങ്ങളും കൈയ്യില്‍ ഏഴായിരം രൂപയും നല്‍കി മകനെ കേരളത്തിലേക്ക് അയച്ച ഗുജറാത്തിലെ ഡയമണ്ട് വ്യാപാരിയായ കോടീശ്വര പുത്രന്റെ അനുഭവമാണിത്. മകനെ ജീവിതം എന്തെന്ന് കാണിച്ചു കൊടുക്കാന്‍ വജ്രവ്യാപാരിയായ ധോലാകിയ സാവ്ജി കണ്ട വഴിയാണിത്. സ്വന്തം അധ്വാനവും വിദ്യാഭ്യാസവും കൊണ്ട് ജീവിതംപണിതുയര്‍ത്തുന്നതെങ്ങനെയെന്ന് മകനായ ദ്രാവ്യയെ മനസ്സിലാക്കിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സാവ്ജി പറയുന്നു.

savji

ധോലാകിയ സാവ്ജി

12000ത്തോളം തൊഴിലാളികളുള്ള തന്റെ കമ്പനിയില്‍ ജീവനക്കാര്‍ക്ക് ബോണസ്സായി കാറും അപ്പാര്‍ട്ട് മെന്റുകളും നല്‍കി കൊണ്ട് വാര്‍ത്തകളിലിടം നേടിയ വ്യാപാരിയാണ് സാവ്ജി. അദ്ദഹമാണ് ജീവിതത്തിന്റെ എല്ലാത്തരം അനുഭവങ്ങളും പഠിപ്പിക്കാനായി അമേരിക്കയില്‍ ബിസ്സിനസ്സ് മനേജ്‌മെന്റ് വിദ്യാര്‍ത്ഥി കൂടിയായ തന്റെ മകനെ കേരളത്തിലേക്കയച്ചിരിക്കുന്നത്.

കൈയ്യിലുള്ള പണം വളരെ അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ ഉപയോഗിക്കാവൂയെന്നും സ്വന്തം കഴിവ് ഉപയോഗിച്ച് ജോലി കണ്ടു പിടിച്ച് സമ്പാദിക്കണമെന്നുമാണ് മകന് പിതാവില്‍ നിന്നും ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം കണ്ട പഠിക്കാനാണ് താന്‍ കേരളത്തിലെത്തിയതെന്ന് പിതാവിന്റെ നിര്‍ദ്ദേശമനുസരിച്ച് കൊച്ചിയിലെത്തിയ ദ്രവ്യ പറയുന്നു. ഇതിനു മുന്‍പും തന്റെ കുടുംബത്തില്‍ നിന്നും രണ്ടോളം പേര്‍ ഇത്തരത്തില്‍ വന്നിട്ടുണ്ടെന്നും ദ്രവ്യ പറഞ്ഞു. എന്റെ പിതാവിന് ധാരാളം പണമുണ്ട്. എന്നാല്‍ പണം കൊടുത്ത് ജീവിതാനുഭവങ്ങള്‍ വാങ്ങാന്‍ സാധിക്കില്ലല്ലോ, അതുകൊണ്ടു തന്നെയാണ് പിതാവിന്റെ തീരുമാനത്തെ താന്‍ പിന്തുണച്ചതെന്നും ദ്രാവ്യ പറഞ്ഞു.

കേരളത്തിലെത്തിയ ആദ്യ അഞ്ചു ദിവസം വളരെ ബുദ്ധിമുട്ടായിരുന്നു. ജോലി കണ്ടെത്താനും താമസിക്കാന്‍ ഇടം കണ്ടെത്താനുമെല്ലാം ഏറെ പണിപ്പെട്ടു, പണം, അപരിചിതമായ സ്ഥലം, ഭാഷ എന്നിവയൊക്കെ എന്റെ മുന്നിലുള്ള തടസ്സങ്ങളായിരുന്നു. എന്നാല്‍ ആറാം ദിനം നഗരത്തിലെ ഒരു ബേക്കറിയില്‍ തനിക്ക് ജോലി നേടിയെടുക്കാന്‍ സാധിച്ചു. ബേക്കറി എടുത്തു പാക്ക് ചെയ്തു നല്‍കുന്ന ജോലിയായിരുന്നു തനിക്ക്. മറ്റുള്ള തൊഴിലാളികളോടൊപ്പം താന്ഡ താമസിച്ചു, അവര്‍ കഴിക്കുന്നതെന്തോ അത് താനും കഴിച്ചു ദ്രവ്യ പറയുന്നു. എന്നാല്‍ പിന്നീട് അവിടെ തുടരാന്‍ തനിക്ക് സാധിച്ചില്ല. അങ്ങനെ പിന്നീട് അഡിഡാസിന്റെ ഷോറൂമിലും മറ്റൊരു കോള്‍സെന്ററിലും താന്‍ ജോലിക്കായി ചേര്‍ന്നു. എന്നാല്‍ അവിടെയുള്ള വേതനം വളരെ തുച്ഛമായിരുന്നു. പിന്നീട് ഒരുപാട് ബുദ്ധിമുട്ടി മക്‌ഡൊണാള്‍ഡ്‌സിന്റെ ഔട്ട്‌ലെറ്റില്‍ മണിക്കൂറിന് 30 രൂപയെന്ന നിലയ്ക്കുള്ള ജോലി തനിക്ക് ലഭിച്ചു. എന്നാല്‍ അവിടേയും ദീര്‍ഘനാള്‍ തുടരാന്‍ തനിക്കായില്ല. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തേടി അച്ഛനയച്ഛ ആളുകളെത്തി. ദ്രാവ്യ പറയുന്നു.

പിതാവിന്റെ നിര്‍ദ്ദേശ പ്രകാരം കേരളത്തിലെത്തിയത് ജീവിതത്തിലെ പല മൂല്യങ്ങളും മനസ്സിലാക്കിപ്പിക്കാന്‍ തനിക്കായെന്ന് ദ്രവ്യ പറയുന്നു. സഹജീവികളോടുണ്ടായിരിക്കേണ്ട കരുണയും സഹരണവും പരസ്പര സഹായങ്ങളും ഏറ്റവും വലിയ മൂലധനമാണെന്നും ദ്രാവ്യ കൂട്ടിച്ചേര്‍ക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here