അലനല്ലൂർ:നഗ്ന നേത്രങ്ങൾ കൊണ്ട് തന്നെ ഇത്തവണ ഉൽക്ക വർഷം കാണാം.മാനം നിറയെ ദൃശ്യ വിസ്മയമായി പായുന്ന ആയിരക്കണക്കിന് ഉൽക്കകളെ യഥേഷ്ടം കാണാനുള്ള അവസരം ആഗസ്റ്റ് 12നാണ് വന്നെത്തുന്നുത്.ഒരു മണിക്കൂറിൽ 150 മുതൽ 200 വരെ ഉൽക്കകൾ തലക്കു മുകളിലൂടെ തലങ്ങും വിലങ്ങും മിന്നിപ്പായുന്ന ദൃശ്യ വിരുന്ന് ഇന്ത്യയിൽ എല്ലായിടത്ത് നിന്നും കാണാനാകും.ആകാശത്ത് വടക്ക് കിഴക്ക് ദിശയിലാണ് ഇവ ദൃശ്യമാകുക.

വർഷം തോറും വിരുന്നെത്തുന്ന മിന്നിത്തിളങ്ങുന്ന ഈ പഴ്സിയഡ് ഉൽക്കകൾ പക്ഷേ ഇത്തവണ എത്തുന്നത് ചന്ദ്രനില്ലാത്ത ന്യൂ മൂൺ സമയത്തായതിനാൽ ഉൽക്കമഴ കൂടുതൽ ഇരുട്ടിൽ അതിന്‌റെ പൂർണ്ണതയിൽ കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഉൽക്കമഴ ഭംഗിയായി കാണാൻ കഴിയുന്ന രാജ്യം ഇന്ത്യയാണെന്ന് നാസ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.ഉത്തരാർദ്ധഗോളത്തിലെ മിക്ക രാജ്യങ്ങളിലും ഉൽക്കവർഷം കാണാനാകും.ഓരോ 130 വർഷം കൂടുമ്പോഴും സൗര്യയൂഥത്തിലൂടെ സ്വിഫ്റ്റ്-ടട്ട്ൽ എന്ന ഭീമൻ വാൽനക്ഷത്രം കടന്നു പോകാറുണ്ട്.ആ സമയത്ത് അതിൽ നിന്നും തെറിച്ചുപോകുന്ന മഞ്ഞും പൊടിപടലങ്ങളും മറ്റും യൗരയൂഥത്തിൽ

തങ്ങിനിൽക്കും.വർഷത്തിലൊരിക്കൽ ഭൂമിയുടെ അന്തരീക്ഷം ഈ അവശിഷ്ടങ്ങൾക്കിടയിലൂടെ പോകുമ്പോഴാണ് പഴ്സിയഡ് എന്ന ഉൽക്കമഴ കാണുന്നത്.സെക്കൻഡിൽ 60 കി.മീ.വേഗതയിലാണ് ഉൽക്കകൾ പാഞ്ഞെത്തുന്നത്.ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്നതോടെ ഇവയുടെ ചുറ്റുമുള്ള വായു ചൂടുപിടിക്കും.ചുറ്റിലും ചൂടോടെ ഇവ ഭൂമിയിലേക്ക് തിളങ്ങുന്ന നീളൻ വരയായി ആകാശത്ത് പാഞ്ഞടുക്കും.ഓഗസ്റ്റ് 12 മുതൽ 14 വരെ കാണാനാകുമെങ്കിലും 13ന് പുലർച്ചെ മൂന്നിനു നാലിനും ഇടയിലായിരിക്കും ഉൽക്കമഴ അതിന്‌റെപാരമ്യത്തിലെത്തുകയെന്ന് വാനനിരീക്ഷകനും ശാസ്ത്രാധ്യാപക പരിശീലകനുമായ ഇല്യാസ് പെരിമ്പലം കേരളകൗമുദിയോട് പറഞ്ഞു.കൂടുതൽ തിളക്കമുള്ളവയാണെങ്കിൽ ഉൽക്കയുടെ വാൽ ആകാശത്ത് മൂന്നോ നാലോ സെക്കൻഡ് കാണാനാകും.ലൈറ്റ് ഇല്ലാത്ത ഒഴിഞ്ഞ സ്ഥലത്തിരുന്ന് ഇത്തവണ തുടരെയുള്ള ഉൽക്കമഴ ദൃശ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here