ന്യൂഡല്‍:സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്രമണമുണ്ടായേക്കാമെന്നു റിപ്പോര്‍ട്ട്. ചെങ്കോട്ടയില്‍ ബുള്ളറ്റ് പ്രൂഫ് ചട്ടത്തിനുള്ളില്‍നിന്നു മാത്രമേ രാജ്യത്തെ സംബോധന ചെയ്യാന്‍ പാടുള്ളൂവെന്ന് സുരക്ഷാ ഏജന്‍സികള്‍ നിര്‍ദേശിച്ചു. ഭീഷണി വളരെ ശക്തമായതിനാല്‍ ഏജന്‍സികളുടെ നിര്‍ദേശം മോദി തള്ളിക്കളയില്ലെന്നാണു പ്രതീക്ഷ. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും മോദിക്ക് ഇത്തരത്തില്‍ സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അവസാന നിമിഷം അദ്ദേഹത്തിന്റെ ഇടപെടല്‍കൊണ്ടു തീരുമാനം മാറ്റുകയായിരുന്നു.

കശ്മീര്‍ പ്രക്ഷോഭങ്ങളുടെയും ഭീകരരുടെ നുഴഞ്ഞുകയറ്റത്തിന്റെയും പശ്ചാത്തലത്തിലാണ് ബുള്ളറ്റ് പ്രൂഫ് സുരക്ഷയ്ക്ക് നിര്‍ദേശിച്ചതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചെങ്കോട്ടയ്ക്കു മുകളിലൂടെ !ഡ്രോണുകള്‍ പറത്തുന്നതിനും നിയന്ത്രണമുണ്ടാകും. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഭീകരാക്രമണത്തിനു സാധ്യതയുള്ളതായി എസ്പിജിയും ഭീകരവാദ വിരുദ്ധ യൂണിറ്റുകളും മുന്നറിയിപ്പു നല്‍കിയിരുന്നു. സൈനിക, പൊലീസ് സങ്കേതങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്താന്‍ അല്‍ഖായിദയും ഇസ്‌ലാമിക് സ്റ്റേറ്റും പദ്ധതിയിടുന്നതായും വിവരമുണ്ട്.

ഇന്ദിരാ ഗാന്ധിയുടെ വധത്തിനുപിന്നാലെയാണ് പ്രധാനമന്ത്രിമാര്‍ ബുള്ളറ്റ് പ്രൂഫ് ചട്ടത്തിനുള്ളില്‍നിന്നു സംസാരിക്കുന്ന രീതി നിലവില്‍ വന്നത്. എന്നാല്‍ 2014ല്‍ മോദി അധികാരത്തില്‍ വന്നതിനുപിന്നാലെ ഇതില്‍ മാറ്റം വന്നു. ബുള്ളറ്റ് പ്രൂഫ് ചട്ടം ഒഴിവാക്കിയാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here