ഈ വര്‍ഷത്തെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ബഹളമയത്തില്‍ മുങ്ങി. അവസാന ദിനമായ ഇന്നും സഭ സ്തംഭിച്ച് രാജ്യസഭയും ലോക്‌സഭയും അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. രാവിലെ സഭ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളവുമായി നടുത്തളത്തിലിറങ്ങി.

തുടര്‍ന്ന് ഉച്ചവരെ സഭ പിരിഞ്ഞു. പിന്നീട് സഭ ചേര്‍ന്നപ്പോഴും ഇതേ അവസ്ഥയായിരുന്നു. ഇതോടെയാണ് സഭാ അധ്യക്ഷന്മാര്‍ സഭ അനിശ്ചിത കാലത്തേക്കായി പിരിയുകയാണെന്ന് അറിയിച്ചത്.

ഇതിനിടെ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ബില്‍ ലോക്‌സഭ പാസാക്കി.
സഭ കൂടിയ മുഴുവന്‍ ദിവസങ്ങളിലും സഭ സ്തംഭിച്ചു എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. ഇതിനെതിരേ രാഷ്ട്രപതിയും മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയും അടക്കം നിരവധി പ്രമുഖര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു.

പാര്‍ലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവു വലിയ രണ്ടാമത്തെ സഭാസ്തംഭനമാണ് ഇത്തവണയുണ്ടായിട്ടുള്ളത്.
1000,500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷം ചേര്‍ന്ന സഭയാണ് ബഹളമയമായത്.
നോട്ട് നിരോധനത്തെക്കുറിച്ച് തങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി സഭയില്‍ മറുപടി പറയണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

നോട്ട് നിരോധന വിഷയത്തില്‍ വോട്ടെടുപ്പോടു കൂടിയ ചര്‍ച്ച വേണമെന്നും ചര്‍ച്ചയുടെ മുഴുസമയവും മോദി സഭയില്‍ ഉണ്ടാവണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.എന്നാല്‍ ഇത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഇതോടെയാണ് സഭ പ്രതിഷേധക്കളമായത്. എന്നാല്‍ മോദി ഇതുവരെ ഇക്കാര്യത്തില്‍ സഭയ്ക്കകത്ത് പ്രതികരിച്ചിരുന്നില്ല. ഇന്ന് പ്രധാനമന്ത്രി സഭയിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here