
സാമ്പത്തിക രംഗത്ത് ശക്തമായ നടപടികള്‍ തുടരുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യതാത്പര്യത്തിന് കടുത്ത സാമ്പത്തിക നടപടികള്‍ സ്വീകരിക്കേണ്ടി വന്നാല്‍ സര്‍ക്കാര്‍ ഒഴിഞ്ഞു മാറില്ല. നോട്ട് റദ്ദാക്കല്‍ ഇതിന് ഉദാഹരണമാണ്. മുംബൈ റായ്ഗഡില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യുരിറ്റീസ് മാനേജ്‌മെന്റ് ക്യാംപസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
”രാജ്യത്തിന്റെ ശോഭനമായ ഭാവിക്ക് ദീര്‍ഘവീക്ഷണത്തോടെയുള്ള വ്യക്തവും ശക്തവുമായ സാമ്പത്തിക നയങ്ങള്‍ സര്‍ക്കാര്‍ തുടരും. രാഷ്ട്രീയ ലാഭത്തിനായി താല്‍ക്കാലിക നടപടികള്‍ സ്വീകരിക്കില്ല. നോട്ട് റദ്ദാക്കല്‍ സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ താല്‍ക്കാലികമാണ്. ഭാവിയില്‍ നേട്ടമുണ്ടാകും”. മോദി പറഞ്ഞു. അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി അടുത്തയാഴ്ച അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഡിസംബര്‍ 30നുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് മോദി നേരത്തെ വാക്കുനല്‍കിയിരുന്നു.
അധികാരമേല്‍ക്കുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗം തകര്‍ച്ചയിലായിരുന്നു. മൂന്നുവര്‍ഷത്തിനുള്ളില്‍ സമ്പദ്‌വ്യവസ്ഥയെ വളര്‍ച്ചയിലേക്ക് നയിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. സാമ്പത്തിക കമ്മി ഇല്ലാതായി. വിദേശനാണ്യ ശേഖരം ഉയര്‍ന്നു.പണപ്പെരുപ്പം കുറഞ്ഞു. വിദേശനിക്ഷേപം റെക്കോര്‍ഡ് സൂചികകളിലാണ്.
അതിനാലാണ് ആഗോള സാമ്പത്തികരംഗത്ത് മാന്ദ്യം അനുഭവപ്പെടുമ്പോഴും ഇന്ത്യ തിളങ്ങി നില്‍ക്കുന്നത്. ഉത്പാദനമികവ് ഉറപ്പാക്കാന്‍ ബജറ്റ് അവതരണം നേരത്തെയാക്കുമെന്നും ചരക്കുസേവനനികുതി ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.