
കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടി അധാര്‍മികമെന്ന് പ്രമുഖ വാണിജ്യ മാസികയായ ഫോബ്സ്. ഇന്ത്യയുടെ സമ്പദ്ഘടനയുടെ അടിത്തറയിളക്കുന്ന നീക്കമെന്നതിനു പുറമെ സാധാരണക്കാരായ പൌരന്മാരുടെ പണം തട്ടിപ്പറിക്കുന്ന അധാര്‍മിക നടപടി കൂടിയാണ് നോട്ട് അസാധുവാക്കലെന്ന് ഫോബ്സ് എഡിറ്റര്‍ ഇന്‍ ചീഫ് സ്റ്റീവ് ഫോബ്സ് അഭിപ്രായപ്പെട്ടു.
മുന്‍കരുതലോ മുന്നറിയിപ്പോ കൂടാതെ രാജ്യത്തെ 86 ശതമാനം കറന്‍സിയും ഒറ്റയടിക്ക് പിന്‍വലിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായി. ആബാലവൃദ്ധം ജനങ്ങള്‍ക്കും രാവിലെ മുതല്‍ ബാങ്കുകള്‍ക്കു മുന്നില്‍ വരിനില്‍ക്കേണ്ട ഗതികേടുണ്ടായി. ജനങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം നാടകീയമായി തട്ടിപ്പറിച്ച നടപടി ജനാധിപത്യമാര്‍ഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഭാഗത്തുനിന്നാണ് ഉണ്ടായതെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. രാജ്യം നേരിട്ട അടിയന്തരാവസ്ഥക്കാലത്തെ വന്ധ്യംകരണ നടപടി പോലെ അധാര്‍മികമാണ് ഈ നടപടിയും- സ്റ്റീവ് ഫോര്‍ബ്സ് വിദേശകാര്യവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പംക്തിയില്‍ ചൂണ്ടിക്കാണിച്ചു.
കള്ളപ്പണം തടയാനും ഭീകരതയ്ക്കുള്ള ഫണ്ടിങ് നിരോധിക്കാനുമെന്ന പേരിലാണ് നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയത്. വ്യക്തികളുടെ സ്വകാര്യതയുടെ മേലുള്ള ക്രൂരമായ കടന്നുകയറ്റം തന്നെയാണ് ഇത്. ഓരോ പൌരനിലും കുടുംബത്തിലും സര്‍ക്കാര്‍ നിയന്ത്രണം കര്‍ശനമാക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് ഇന്ത്യയില്‍ സംഭവിച്ചത്. പഴയ നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ പുതിയ നോട്ടുകള്‍ അടിച്ചിറക്കുന്നതില്‍ ദയനീയ പരാജയമാണ്. നിറത്തിലും വലുപ്പത്തിലും വ്യത്യാസമുള്ള പുതിയ നോട്ടുകളെ കുറിച്ച് വ്യാപക പരാതിയാണ്.
പ്രധാനമായും കറന്‍സിയില്‍ അധിഷ്ഠിതമായ സമ്പദ്വ്യവസ്ഥയില്‍ സര്‍ക്കാര്‍നടപടിയുണ്ടാക്കിയ ആഘാതങ്ങള്‍ വര്‍ണനാതീതമാണ്- ലേഖനത്തില്‍ പറയുന്നു. ഭീകരതയെ ചെറുക്കാനാണ് പഴയ നോട്ടുകള്‍ അസാധുവാക്കുന്നതെന്ന വാദം അബദ്ധമാണ്. കറന്‍സി മാറ്റിയാലൊന്നും ഭീകരര്‍ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് അവസാനിപ്പിക്കില്ല. ഇന്ത്യയെ ആഗോളസാമ്പത്തിക ശക്തിയാക്കാന്‍ ഈ വഴികള്‍ ഒരിക്കലും സഹായിക്കില്ലെന്ന മുന്നറിയിപ്പോടെയാണ് ഫോബ്സ് ലേഖനം അവസാനിപ്പിക്കുന്നത്.