നോട്ട് അസാധുവാക്കല്‍ നടപടി പ്രാബല്യത്തിലായതു മുതല്‍ വിവിധ ബാങ്കുകളിലായി വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം നടന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തി. മൂന്നു മുതല്‍ നാലു ലക്ഷം കോടി രൂപ വരെയുള്ള കള്ളപ്പണ നിക്ഷേപം നടന്നതായാണ് വിവരം.

ധനവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രാജ്യവ്യാപകമായി നടത്തിയ പ്രാഥമിക പരിശോധനയിലാണ് ബാങ്കുകളില്‍ വ്യാപകമായ തോതില്‍ കള്ളപ്പണമെത്തിയതായി കണ്ടെത്തിയത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.

മൂന്നു മുതല്‍ നാലു ലക്ഷം കോടി രൂപ വരെയുള്ള കള്ളപ്പണ നിക്ഷേപം വിവിധ ബാങ്കുകളില്‍ നടന്നിട്ടുണ്ടെന്നും കൃത്യമായ രേഖകളില്ലാത്ത നിക്ഷേപങ്ങളില്‍ 16,000 കോടി രൂപയുടെ നിക്ഷേപങ്ങളും വിവിധ സഹകരണ ബാങ്കുകളിലാണെന്നും ആദായനികുതി വകുപ്പ് കണ്ടെത്തി.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിലായി മാത്രം നിക്ഷേപിക്കപ്പെട്ടത് 10,700 കോടി രൂപയാണ്. രാജ്യത്തെ 60 ലക്ഷത്തിലധികം ബാങ്ക് അക്കൗണ്ടുകളില്‍ നോട്ട് അസാധുവാക്കലിന് ശേഷം രണ്ടു ലക്ഷത്തിന് മുകളിലുള്ള തുകകള്‍ നിക്ഷേപമായെത്തിയിട്ടുണ്ട്.

നോട്ട് അസാധുവാക്കലിന് മുന്‍പ് നിഷ്‌ക്രിയമായിരുന്ന അക്കൗണ്ടുകളില്‍ മാത്രം ഇതുവരെ നിക്ഷേപിക്കപ്പെട്ടത് 25,000 കോടി രൂപയാണ്. നോട്ട് അസാധുവാക്കല്‍ നടപടിക്കു പിന്നാലെ വായ്പ തിരിച്ചടിവായി മാത്രം 80,000 കോടി രൂപയുടെ കറന്‍സികള്‍ ബാങ്കുകളിലെത്തിയെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here