നോട്ട് നിരോധനം ആര്‍.ബി.ഐയുടെ പ്രതിഛായ തകര്‍ത്തെന്നും പൊതുവേദികളില്‍ നിരന്തരം അപമാനിതരാവുന്നുവെന്നും കാട്ടി ഗവര്‍ണര്‍ക്ക് ജീവനക്കാരുടെ കത്ത്. ദുര്‍ഭരണത്തിലൂടെ ആര്‍.ബി.ഐയുടെ സ്വയംഭരണാവകാശം ചോദ്യം ചെയ്യപ്പെടുകയാണെന്നും കത്തിലൂടെ ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

”പതിറ്റാണ്ടുകളുടെ സാഹസിക പ്രവര്‍ത്തിനത്തിലൂടെ ജീവനക്കാരുടെ പ്രയത്‌നഫലമായും നീതിയുക്തമായ നയങ്ങളുടെയും ബലത്തിലാണ് ത്രാണിയുടെയും സ്വതന്ത്രതയുടെയും ഇമേജ് ആര്‍.ബി.ഐ നേടിയെടുത്തത്. എന്നാല്‍ ഇപ്പോഴത് തരിപ്പണമായിരിക്കുകയാണ്. ഞങ്ങള്‍ക്ക് വളരെ വേദന തോന്നുന്നു”- യുനൈറ്റഡ് ഫോറം ഓഫ് റിസര്‍വ്വ് ബാങ്ക് ഓഫിസേര്‍സ് ആന്റ് എംപ്ലോയീസ്, ഗവര്‍ണര്‍ ഉര്‍ജിത്ത് പാട്ടേലിന് അയച്ച കത്തില്‍ പറയുന്നു.

ധനമന്ത്രാലയത്തിന്റെ തുറന്ന ആക്രമണത്തിലൂടെ ആര്‍.ബി.ഐയുടെ സ്വയംഭരണാവകാശത്തിന് കോട്ടം പറ്റി. നവംബര്‍ എട്ടിന് നോട്ട് നിരോധനം പ്രഖ്യാപിച്ചതു മുതലാണ് ദുര്‍ഭരണം ഉണ്ടായത്. അന്നു മുതല്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരന്തരം വിമര്‍ശനം ഉയരുകയാണെന്നും കത്തില്‍ പറയുന്നു.

കത്ത് തങ്ങളാണ് അയച്ചതെന്ന് ഓള്‍ ഇന്ത്യ റിസര്‍വ്വ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ നേതാവ് സാമിര്‍ ഘോഷും ഓഫ് ഓള്‍ ഇന്ത്യ റിസര്‍വ്വ് ബാങ്ക് വര്‍ക്കേര്‍സ് ഫെഡറേഷന്‍ നേതാവ് സൂര്യകാന്ത് മഹഥിക്കും വ്യക്തമാക്കി. ഇന്ത്യയിലാകമാനം 18,000 ജീവനക്കാര്‍ ചേര്‍ന്നുള്ളതാണ് തങ്ങളുടെ സംഘടനയെന്നും അവര്‍ പറഞ്ഞു.

1935 മുതല്‍ എട്ടു പതിറ്റാണ്ടുകളായി ആര്‍.ബി.ഐ തന്നെയാണ് കറന്‍സി കൈകാര്യം ചെയ്തുവന്നിരുന്നത്. ധനകാര്യ മന്ത്രാലയത്തില്‍ നിന്ന് അതിനായി ഒരു സഹായവും ആവശ്യമില്ലെന്നും കത്തില്‍ പറഞ്ഞു.

ആര്‍.ബി.ഐയുടെ അധികാരം സംബന്ധിച്ച് മൂന്ന് മുന്‍ ഗവര്‍ണര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയതിനു പിന്നാലെയാണ് ജീവനക്കാരുടെ കത്തയക്കലും. മുന്‍ പ്രധാനമന്ത്രി കൂടിയായ മന്‍മോഹന്‍ സിങ്, വൈ.വി റെഡ്ഡി, ബിമല്‍ ജലാന്‍ എന്നിവരാണ് നോട്ട് നിരോധനത്തിലൂടെ ആര്‍.ബി.ഐയുടെ സ്വയംഭരണാവകാശം നഷ്ടപ്പെട്ടെന്ന് അഭിപ്രായപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here