ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിനുള്ള സെൻട്രൽ വിസ്ത പദ്ധതിക്കായി നിർമാണങ്ങൾ നടത്തുന്നതും മരങ്ങൾ മുറിക്കുന്നതും സുപ്രീം കോടതി തടഞ്ഞു. എന്നാൽ, 10 നു മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്താനും പദ്ധതിയുടെ കടലാസുപണികൾക്കും തടസ്സമില്ലെന്നു ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

പദ്ധതിക്കെതിരായ ഹർജികൾ കഴിഞ്ഞ മാസം 5നു സുപ്രീം കോടതി വാദം േകട്ടശേഷം വിധി പറയാൻ മാറ്റിയിരുന്നു. എന്നാൽ, പദ്ധതിക്കായി മരങ്ങൾ മുറിക്കുന്നതും മാറ്റി നടുന്നതും സംബന്ധിച്ച വാർത്തകളുടെ അടിസ്ഥാനത്തിലാണു കേസ് ഇന്നലെ പരിഗണിച്ചത്.

കേസിലെ വിധിക്കു വിധേയമായിരിക്കും പദ്ധതി. കെട്ടിടങ്ങൾ ഇപ്പോൾ പൊളിച്ചാൽ പൂർവസ്ഥിതിയിലാക്കുക എളുപ്പമാകില്ല. പദ്ധതിക്കു സ്റ്റേ ഏർപ്പെടുത്തിയില്ല എന്നതിന് എന്തു നടപടിയുമാകാമെന്ന് അർഥമില്ലെന്നും കോടതി പറഞ്ഞു. സർക്കാർ മര്യാദയോടെ പെരുമാറുമെന്നാണു പ്രതീക്ഷിച്ചതെന്ന് ജസ്റ്റിസ് ഖാൻവിൽക്കർ പറഞ്ഞു.

സർക്കാരിന്റെ നിലപാടു വിശദീകരിക്കാൻ ഒരു ദിവസം വേണമെന്ന് അറ്റോർണി ജനറൽ (എജി) തുഷാർ മേത്ത പറഞ്ഞു. സാധിക്കില്ലെന്നും ഉടൻ നിലപാടറിയണമെന്നും കോടതി പറഞ്ഞു.

സർക്കാരിന്റെ നിലപാടറിഞ്ഞശേഷം വീണ്ടും വാദത്തിനെത്തിയ എജി, കോടതിയോടു മാപ്പു പറഞ്ഞു. കെട്ടിടങ്ങൾ പൊളിക്കുകയോ പുതിയ നിർമാണങ്ങൾ നടത്തുകയോ മരങ്ങൾ മുറിക്കുകയോ ചെയ്യില്ലെന്നും ശിലാസ്ഥാപനം മാത്രമുണ്ടാകുമെന്നും എജി വിശദീകരിച്ചു. ഈ ഉറപ്പു രേഖപ്പെടുത്തുകയാണെന്നു കോടതി പറഞ്ഞു.

പാർലമെന്റ്, രാഷ്ട്രപതിഭവൻ, ഇന്ത്യ ഗേറ്റ്, വിവിധ മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്ന നോർത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക് തുടങ്ങിയവ സ്ഥിതി ചെയ്യുന്ന 86 ഏക്കറിൽ ചില നിർമാണങ്ങൾ ഒഴിവാക്കി പുതിയവ നിർമിക്കുന്നതാണു സെൻട്രൽ വിസ്ത പദ്ധതി. ഏകദേശം 20,000 കോടി രൂപയാണു ചെലവ്.

LEAVE A REPLY

Please enter your comment!
Please enter your name here