കേരളത്തില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭ അധികാരമേറ്റിട്ട് 5 വര്‍ഷം തികയുന്നു. ഈ നിയമസഭയുടെ അവസാന സമ്മേളനം ആരംഭിച്ച ഇന്നലെ ഗവര്‍ണ്ണര്‍ നയപ്രഖ്യാപനം നടത്തുകയുണ്ടായി. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ ഗവര്‍ണ്ണര്‍ പി.സാദാശിവം കിറുകൃത്യമായി അക്കങ്ങള്‍ നിരത്തിയാണു സംസാരിച്ചത്. പക്ഷേ, ഒരു സംശയം. ഇതൊക്കെ ഏതു സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളാണ്? ഇതെല്ലാം ഇപ്പോഴത്തെ യു.ഡി.എഫ്. സര്‍ക്കാരിന്റേതാണെന്നാണു ഗവര്‍ണ്ണര്‍ പറയുന്നത്. എങ്കില്‍ ഇതിന്റെയൊന്നും പത്തുശതമാനം പോലും ജനങ്ങള്‍ മനസ്സിലാക്കിയിട്ടില്ല എന്നതാണു സത്യം. എന്തുകൊണ്ട് ഇതൊക്കെ ജനങ്ങള്‍ അറിയാതെ പോയി?
പുറംലോകത്തെപ്പറ്റിയുള്ള അറിവ് ജനങ്ങള്‍ക്കു ലഭിക്കുന്നത് മാധ്യമങ്ങള്‍ വഴിയാണ്. അച്ചടി ദൃശ്യമാധ്യമങ്ങളെയാണ് ശരിയായ രീതിയില്‍ കാര്യങ്ങള്‍ അറിയുവാന്‍ ഇവര്‍ ആശ്രയിക്കുക. അതുകൊണ്ടുതന്നെ ജനങ്ങളെ കാര്യങ്ങള്‍ ശരിയായ രീതിയില്‍ അറിയിക്കുവാന്‍ മാധ്യമങ്ങള്‍ക്കു ബാധ്യതയുമുണ്ട്. എന്നാല്‍ ഇന്ന് എന്താണു മാധ്യമങ്ങള്‍ ചെയ്യുന്നത്? വര്‍ഷങ്ങള്‍ക്കുമുമ്പ് മനോരമയും മാതൃഭൂമിയും പോലെയുള്ള പത്രങ്ങള്‍ മാത്രം ഉണ്ടായിരുന്നപ്പോള്‍ അവര്‍ അവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ ഒരു പരിധിവരെ സംരക്ഷിച്ചിരുന്നെങ്കില്‍ പോലും സമൂഹത്തോടുള്ള പ്രതിബദ്ധത അവരുടെ നയമായിരുന്നു. വന്‍ വര്‍ഗ്ഗീയ ലഹളയ്ക്കും ലക്ഷ്യമിട്ടു തുടങ്ങിയ സംഭവങ്ങള്‍ വാര്‍ത്തയല്ലാതെ വന്നതുകൊണ്ട് ലക്ഷ്യം കാണാതെ കെട്ടടങ്ങിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അന്നത്തെ മുഖപ്രസംഗങ്ങള്‍ക്കു പലപ്പോഴും വെടിയുണ്ടകളേക്കാള്‍ ശക്തിയുണ്ടായിരുന്നു. ഇന്നു സ്ഥിതി അതല്ല. ദൃശ്യമാധ്യമങ്ങള്‍ ഈ മേഖല പൂര്‍ണ്ണമായി കീഴടക്കിയെന്നു തന്നെ പറയാം. അമേരിക്കയില്‍ മഞ്ഞു വീഴുന്ന വാര്‍ത്ത മഞ്ഞു ഭൂമിയില്‍ പതിക്കുന്നതിനുമുമ്പുതന്നെ ദൃശ്യ മാധ്യമങ്ങള്‍ ഇന്നു കേരളത്തില്‍ കാണിക്കുന്നു. ഇതു നല്ലതുതെന്നെ. പണ്ട് ടെലിവിഷന്‍ ഇല്ലാതിരുന്നപ്പോള്‍ മലയാളസിനിമകള്‍ കുടുംബ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നവയായിരുന്നു. ഇന്ന് നിരവധി ചാനലുകളുള്ള ടെലിവിഷന്‍ കുടുംബ ജീവിതങ്ങളെ ശിഥിലമാക്കുന്ന സീരിയല്‍ സംസ്‌ക്കാരം ജനങ്ങളില്‍ കുത്തിനിറക്കുവാന്‍ കിണഞ്ഞു ശ്രമിക്കയാണ്. അനവധി ചാനലുകളും പത്രങ്ങളും മത്സരിക്കുന്ന ഇന്നത്തെ മാധ്യമ ലോകത്ത് ജീവിത മൂല്യങ്ങള്‍ വിലയില്ലാചരക്കായി മാറിയിരിക്കുന്നു. മാത്സര്യം കൊടികുത്തി വാഴുന്ന ഈ മേഖലയില്‍ വാരാന്ത്യത്തിലെ ‘റേറ്റിംഗ്’ ഉയര്‍ത്തുവാന്‍ എന്തും ചെയ്യുവാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഒരു കാലത്ത് ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ രണ്ടു വര്‍ഷത്തെ ഡിപ്ലോമയും ഇല്ലാത്തവര്‍ക്കു പത്രപ്രവര്‍ത്തനം സ്വപ്‌നം മാത്രമായിരുന്നു. ന്യൂസ് എഡിറ്റര്‍മാര്‍ക്കു പ്രത്യേക പരിശീലനവും ഓരോ ആഴ്ചകളിലും റിപ്പോര്‍ട്ടുകള്‍ വശകലനം ചെയ്ത് അപഗ്രഥിക്കുകയും ചെയ്യുമായിരുന്നു. ഇന്ന് വെറുമൊരു ബിരുദം മാത്രം മതി, ‘ട്രെയിനി’ ആയി കയറാം. ക്യാമറയുടെ മുമ്പില്‍ കൈവിറയ്ക്കാതെ മൈക്കു പിടിക്കാന്‍ കഴിവുള്ള ആര്‍ക്കും റിപ്പോര്‍ട്ടര്‍മാരാകാം. ജോലി സ്ഥിരിത പ്രതീക്ഷിക്കുന്നുവെങ്കില്‍ എന്തു ചെയ്തും ‘റേറ്റിംഗ്’ കൂടിക്കാണിക്കാനുള്ള വക കൊണ്ടുവരണം. അവിടെ നീതി ശാസ്ത്രമോ സമൂഹത്തോടുള്ള പ്രതിബദ്ധതയോ ഒന്നും പ്രശ്‌നമല്ല. അതിന്റെ ഫലമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി നാം കാണുന്ന സരിതാചരിതം നീണ്ടകഥ!

സരിതാനായര്‍ എന്നൊരു സ്ത്രീ മല്ലൂസായ മാലോകരെയെല്ലാം പറ്റിച്ച് കോടികള്‍ തട്ടിയെടുത്തു. ഒരു കോടിയിലധികം സരിതയ്ക്കുകൊടുത്ത ഒരു സ്ത്രീ പറഞ്ഞത്, ‘അവളുടെ ചേച്ചീ എന്നവിളയില്‍ ഞാന്‍ വീണുപോയി’ എന്നാണ്. വശീകരിക്കാന്‍ നല്ലതുപോലെ അറിയാവുന്ന സരിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്തിരുന്ന വളരെ കൂട്ടുപിടിച്ച് മന്ത്രിതലത്തിലുള്ള സ്വാധീനം മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കയും ചെയ്തു. തട്ടിപ്പിനിരയായവര്‍ പരാതി നല്‍കിയപ്പോള്‍ വിശദമായി അന്വേഷിക്കാന്‍ മന്ത്രിസഭ ഒരു കമ്മീഷനെ നിയമിച്ചു. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ആരോപണം ഉന്നയിക്കുന്നവരും ആരോപിക്കപ്പെട്ടവരും കോടതിയില്‍ തെളിവുനിരത്തി വാദിച്ച് ജഡ്ജി വിധിക്കുന്നതുവരെ കുറ്റവാളികളല്ല. പലരെയും കളിപ്പിച്ചു വാങ്ങിയ പണം മന്ത്രിമാര്‍ക്കായി വീതിച്ചുനല്‍കിയെന്നു സരിത കമ്മീഷനു മുമ്പാകെ മൊഴി നല്‍കി. ബാര്‍കോഴയായി മറ്റൊരു മന്ത്രിക്ക് ബിജു രമേശ് എന്നൊരു ബാര്‍ മുതലാളി കോടികള്‍ നല്‍കിയതായി പറഞ്ഞു. അര്‍ത്ഥ കോടതിയില്‍ വിചാരണയിലാണ്. കോടതി വിധിക്കട്ടെ.

എന്നാല്‍ ഇന്നു കോടതിയുടെ വിചാരണയും വിധിയുമൊന്നുമില്ലാതെതന്നെ മാധ്യമങ്ങള്‍ കുറ്റപത്രം വായിക്കുകയും അപ്പോള്‍ തന്നെ തൂക്കിലേറ്റുകയും ചെയ്യുന്നു. ഈ മാധ്യമ കോടതികളുടെ പേരാണ് ‘ചാനല്‍ചര്‍ച്ചകള്‍’. കാണുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ വരുന്ന ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ രാഷ്ട്രീയ ല്കഷ്യം വച്ച് പിച്ചിചീന്താന്‍ തയ്യാറെടുത്തു നില്‍ക്കുന്ന ചിലര്‍ ഉണ്ട്്. ഇവരെയാണ് ഈ ചര്‍ച്ചയില്‍ സാധാരണ പങ്കെടുപ്പിക്കുക. കോടതിയില്‍ വിചാരണയില്‍ ഇരിക്കുന്ന കേസുകള്‍ മാധ്യമങ്ങള്‍ വിചാരണ ചെയ്തു തീര്‍പ്പുകല്‍പ്പിക്കുന്ന പുതിയ സംസ്‌ക്കാരമാണ് ഇന്നു നാം കാണുന്നത്. സരിതയെന്ന കാപട്യക്കാരിയുടെ ചുറ്റും ഉപഗ്രഹം പോലെ കറങ്ങിക്കൊണ്ടിരിക്കയാണ് മാധ്യമങ്ങള്‍ ഇന്ന്. കാരണം ചാനല്‍ ചര്‍ച്ചകള്‍ക്കുള്ള ചൂടേറിയ വാര്‍ത്തകളുടെ ഉറവ അവളില്‍ നിന്നുമാണ് ഒഴുകി വരേണ്ടത്! ഇതില്‍ കൂടുതല്‍ എന്തധ:പതിക്കാന്‍!

നമ്മുടെ നാട്ടില്‍ പട്ടാപ്പകല്‍ ഒരു പെണ്‍കുട്ടിയെ നടുറോഡില്‍ വെടിക്കൊന്നു. മറ്റൊരാളെ തല്ലിക്കൊന്നു. ഇതു വീഡിയോയില്‍ എടുത്തു സോഷ്യല്‍ മീഡിയായില്‍ ഇടാന്‍ ആളുണ്ട്. എന്നാല്‍ അതുവഴി കടന്നുപോയ ആരും ആ ക്രൂരകൃത്യത്തില്‍ നിന്നും അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചില്ല. കാരണം, ഇന്നു നമ്മുടെ സംസ്‌ക്കാരം അതാണ്. സാക്ഷാല്‍ സീരിയല്‍ സംസ്്ക്കാരം.
പക്ഷപാതപൂര്‍ണ്ണമായ മാധ്യമ സംസ്‌ക്കാരം സമൂഹത്തെ നന്മയിലേക്കു നയിക്കുകയില്ല. മാധ്യമങ്ങള്‍ സാമ്പത്തിക ലക്ഷ്യം മാത്രം ഉന്നം വച്ച് ഒരു നാടിന്റെ സംസ്‌ക്കാരത്തിനു വില കല്‍പ്പിക്കാതെ മുന്നോട്ടു നീങ്ങുമ്പോള്‍ അവര്‍ കാറ്റില്‍ പറത്തുന്ന ജീവിത മൂല്യങ്ങള്‍ നഷ്ടമാക്കുന്നതു നാടിന്റെ ഭാവിയെത്തന്നെയാണെന്നു മനസ്സിലാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here