
ന്യൂഡല്ഹി: കസ്തൂരി രംഗന് റിപ്പോര്ട്ടില് കേരളത്തിന്റെ നിലപാടിന് തിരിച്ചടി. ഗ്രാമങ്ങള്ക്കുള്ളില് വെവ്വേറെ പരിസ്ഥിതിലോല കേന്ദ്രങ്ങള് അംഗീകരിക്കില്ല എന്നാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്. ഗ്രാമങ്ങളുടെ അടിസ്ഥാനത്തില് മാത്രമേ ഇ.എസ്.എ അനുവദിക്കൂ എന്നാണ് മന്ത്രാലയം കേരളത്തെ അറിയിച്ചിരിക്കുന്നത്. കേരളത്തിനായി ചട്ടത്തില് മാറ്റംവരുത്തിയാല് കസ്തൂരി രംഗന് റിപ്പോര്ട്ടിന്റെ അന്തസത്ത ചോദ്യം ചെയ്യപ്പെടുമെന്നും കൂടുതല് നിയമ പ്രശ്നങ്ങള്ക്ക് ഇടയാക്കുമെന്നും മന്ത്രാലയം നിലപാടെടുത്തു.
മാത്രമല്ല കോടതികളില് ഇത് ചോദ്യം ചെയ്യപ്പെടുമെന്നും കേരളത്തിനായി ഇളവനുവദിച്ചാല് ഇതേ ആവശ്യവുമായി മറ്റ് സംസ്ഥാനങ്ങള് രംഗത്ത് വരുമെന്നും ചൂണ്ടിക്കാണിച്ചാണ് കേന്ദ്രം നിലപാടെടുത്തത്. ഇ.എസ്.എയുടെ അടിസ്ഥാന ഏകകം ഗ്രാമങ്ങള് തന്നെയാണ്. ഇതില് മാറ്റമുണ്ടാകില്ല. എന്നാല് കേരളത്തിന് കൂടുതല് ഗ്രാമങ്ങളെ വേണമെങ്കില് ഇ.എസ്.എ പരിധിയില് നിന്ന് ഒഴിവാക്കാമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കേരളത്തെ അറിയിച്ചു. കൂടാതെ വനമേഖലയുടെ ഡിജിറ്റല് മാപ്പ് കേരളം ഹാജരാക്കണമെന്നും മന്ത്രാലയം നിര്ദ്ദേശിച്ചിട്ടുണ്ട്.