തിരുവനന്തപുരം: സ്‌പീക്കർ നിഷ്‌പക്ഷനും സംശുദ്ധനുമാകണമെന്നും അത്തരം നിലപാടുകൾ സ്വീകരിക്കുന്നതിൽ ശ്രീരാമകൃഷ്‌ണൻ പരാജയപ്പെട്ടുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്‌പീക്കറുടെ പേര് വന്നതു തന്നെ ഒരു അപമാനമാണ്. സ്‌പീക്കറുടെ പ്രവർത്തനമാണ് പ്രശ്‌നമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.അഴിമതിയും സ്വജനപക്ഷപാതവും കൊളളയും നടന്നിട്ടും നിയമസഭ ചർച്ച ചെയ്യുന്നില്ല. സംസ്ഥാനത്ത് വലിയ ധൂർത്താണ് നടക്കുന്നത്. സാമ്പത്തിക ഞെരുക്കം മൂലം സംസ്ഥാനം കഷ്‌ടപ്പെടുമ്പോൾ കോടി കണക്കിന് രൂപയാണ് നിയമസഭയിൽ അനാവശ്യമായി ചെലവഴിച്ചത്. കേരളത്തിലെ മന്ത്രിമാർക്കും എം എൽ എമാർക്കും ഇന്റലിജൻസ് സംവിധാനമില്ല. ഇന്റലിജൻസിനോട് സ്‌പീക്കർ കാര്യങ്ങൾ തിരക്കിയ ശേഷം സ്വപ്‌നയുമായി ബന്ധപ്പെട്ട പരിപാടിയിൽ പോകണമായിരുന്നു. സ്വർണക്കടത്ത് കേസിലെ ഇടപെടലും പ്രതികളുമായുളള സ്‌‌പീക്കറുടെ ബന്ധവും കേരളം കണ്ടതാണെന്നും ചെന്നിത്തല പറഞ്ഞു.അവിശ്വാസ പ്രമേയവുമായി മുന്നോട്ട് പോകുന്ന പ്രതിപക്ഷത്തിനെതിരെ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ ഇന്ന് രാവിലെ രംഗത്ത് വന്നിരുന്നു. പ്രതിപക്ഷ പ്രമേയം യുക്തിക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ ആരോപണം മാത്രമാണ്. ഇത് അവതരിപ്പിക്കും മുമ്പ് തന്നോടൊന്ന് ചോദിക്കാമായിരുന്നു. ആരോപണങ്ങളെ കുറിച്ച് വ്യക്തത തേടാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here