സ്വന്തം ലേഖകൻ

തിരുവനന്തപുരം : സ്പീക്കർ ശ്രീരാമകൃഷ്ണൻ നിയമസഭയുടെ അന്തസ് കളഞ്ഞുകുളിച്ചെന്ന് പ്രതിപക്ഷം സഭയിൽ ആരോപിച്ചു. സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ നിയമസഭാ സസ്പീക്കറെ മാറ്റണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗിലെ വി ഉമ്മർ അവതരിപ്പിച്ച പ്രമേയത്തിലുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാക്കൾ.
സ്പീക്കറെ നീക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ചർച്ചയ്ക്ക് എടുക്കുമ്പോൾ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഡപ്യൂട്ടി സ്പീക്കറുടെ കസേരയിൽ ഇരിക്കുകയായിരുന്നു. ഡെപ്യൂട്ടി സ്പീക്കർ വി ശശിയാണ് നിയമസഭ നിയന്ത്രിച്ചത്.


സ്പീക്കർക്കെതിരെ ആരോപണ മുയർന്നപ്പോൾ ഒരു സാധാരണക്കാരനെപ്പോലെ അന്വേഷണ സംഘത്തിന്റെ മുന്നിൽ ഹാജരാവുമെന്ന് പ്രഖ്യാപിച്ച സ്പീക്കർ, തന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ സ്പീക്കറുടെ പ്രിവിലേജ് ഉപയോഗിച്ച് വിലക്കാനാണ് ശ്രമിച്ചത്.
ജനാധിപത്യത്തിന് ശക്തിപ്രാപിക്കാനുള്ള അവസരമായാണ് നമ്മൾ പ്രമേയം അവതരിപ്പിക്കുന്നതെന്നും പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ പറഞ്ഞു.


ഷെയ്ക്ക്‌സ്പിയറുടെ വാക്കുകൾ കടമെടുത്താണ് വി ഉമ്മർ പ്രമേയം അവതരിപ്പിച്ചത്. സ്പീക്കർക്കെതിരായ പ്രമേയം ക്രമപ്രകാരമല്ലെന്നായിരുന്നു മന്ത്രി ജി സുധാകരന്റെ ആരോപണം.
എവിടെ ജി പി എസ്, എവിടെ ലോറി, എന്താണ് സ്വർണക്കേസിൽ സംഭവിച്ചത്. എന്തിനാണ് കെ ടി ജലീലിനെതിരെ ഇത്രയും പ്രക്ഷോഭമുയർത്തിയതെന്നായിരുന്നു എം സ്വരാജിന്റെ എതിർചോദ്യം. ഇന്ത്യയിലെ ബെസ്റ്റ് ഐഡിയൽ സ്പീക്കർ അവാർഡ് വാങ്ങിയ ആളാണ് ശ്രീരാമകൃഷ്ണൻ. അദ്ദേഹത്തെക്കുറിച്ച് എഴുതിയ കാര്യങ്ങൾ മൊത്തം വായിച്ചാൽ നിങ്ങൾ ബോധം കെട്ടുപോകുമെന്നായിരുന്നു സ്വരാജിന്റെ പ്രസ്താവന. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് സ്പീക്കർക്കെതിരെ ആരോപണമുന്നയിച്ചത്. കള്ളംമാത്രം പറയുന്ന സംഘമായി പ്രതിപക്ഷം മാറിയെന്നുമായിരുന്നു സ്വരാജിന്റെ ആരോപണം.


 ജനാധിപത്യത്തിൽ സ്പീക്കർക്ക് വലിയ സ്ഥാനമാണുള്ളത്. ശ്രീരമാകൃഷ്ണനെ ചരിത്രത്തത്തിൽ രേഖപ്പെടുത്താൻപോവുന്നത് സഭയുടെ അന്തസ് കളഞ്ഞ സ്പീക്കറെന്ന പേരിലായിരിക്കും. ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിയമസഭ, സ്പീക്കറുടെ ഇരിപ്പിടം തകർത്ത സംഘത്തിലെ ആളായിരുന്നു ശ്രീരാമകൃഷ്ണൻ. സ്പീക്കറുടെ കസേരയെടുത്തെറിഞ്ഞ അതേ ആൾ സ്പീക്കറുടെ കസേരയിൽ ഇരിക്കുകയും അംഗങ്ങൾ അച്ചടക്കം പാലിക്കണമെന്ന് പറയുന്ന ആളാണ്. ആ സ്ഥാനത്ത് ഇരിക്കുമ്പോൾ ഒന്നും പ്രതീക്ഷിക്കരുത്. സഭയിലെ അംഗങ്ങൾ സംസാരിക്കുമ്പോൾ അവർക്ക് പരിരക്ഷ നൽകേണ്ടയാളാണ് സ്പീക്കർ. ആ സ്ഥാനത്തിന് കളങ്കമുണ്ടായാൽ ജനാധിപത്യത്തിന് അപകടമാണ്.

കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഏതെങ്കിലും സ്പീക്കറെ ക്കുറിച്ച് വാർത്തകൾ വന്നിട്ടുണ്ടോ എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യം.  ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഒരാളെക്കുറിച്ച് കോടതി പോലും അൽഭുതം പ്രകടിപ്പിച്ചിരിക്കുന്നു. ജനം സത്യം അറിയുമ്പോൾ അന്തംവിടും. സ്പീക്കര്ക്ക് എന്താണ് സ്വപ്‌ന സുരേഷുമായുള്ള ബന്ധം. സ്പീക്കറുടെ സൗഹൃദം എന്തുകൊണ്ടാണ് ഇത്തരം കള്ളക്കടത്തു സംഘവുമായിട്ടുണ്ടായതെന്ന് ആലോചിക്കണം. ലക്കും ലഗാനുമില്ലാത്ത അഴിമതിയും ധൂർത്തുമാണ് നടക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന സംസ്ഥാനത്താണ് ധൂർത്ത്. ലാളിത്യത്തിന്റെ ആൾ രൂപമായിരുന്ന ശങ്കരനാരായണൻ തമ്പിയുടെ പേരിൽ എങ്ങിനെയാണ് ഇത്രയും വലിയ ധൂർത്ത് നടത്തുന്നത്. അദ്ദേഹത്തിന്റെ ആത്മാവ് പോലും പൊറുക്കില്ല.  

ഭരണ കക്ഷിയിൽ നിന്നും പ്രദീപ് കുമാറും, ജെയിംസ് മാത്യുവുമാണ് പ്രധാനമായും സ്പീക്കർക്കെതിരെയുള്ള പ്രമേയത്തെ എതിർക്കാൻ രംഗത്തെത്തിയത്. സഭാ ടി വി, ശങ്കരനാരായണൻ തമ്പി ഹാളിന്റെ പുനരുദ്ധാരണ നടപടി,   പേപ്പർ രഹിത സഭയെന്ന ഇ-സഭാ പദ്ധതി എന്നിവയും സ്പീക്കർക്കെതിരെയുള്ള ആരോപണങ്ങളുടെ പട്ടികയിലുണ്ടായിരുന്നു.
 

LEAVE A REPLY

Please enter your comment!
Please enter your name here